ബിദൂനികളെ സൈന്യത്തിലെടുക്കൽ: പ്രഖ്യാപനം ജൂണിനു ശേഷം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ബിദൂനികളെ സൈന്യത്തിൽ ഉദ്യോഗസ്ഥരായെടുക്കുന്ന കാര്യത്തിലെ പ്രഖ്യാപനം ജൂണിന് ശേഷമുണ്ടായേക്കുമെന്ന് റിപ്പോർട്ട്.
മന്തിസഭ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ അടുത്തിടെ ചേർന്ന പാർലമെൻററി സമിതി യോജിപ്പാണ് അറിയിച്ചത്. പാർലമെൻറ് സമിതിയുടെ അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭയാണ് ഇനി തുടർന്നുള്ള നടപടികൾ കൈക്കൊള്ളേണ്ടത്. ദേശീയ- വിമോചന ദിനാഘോഷങ്ങൾ കഴിഞ്ഞ് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ബിദൂനികളുടെ സൈനികപ്രവേശം സംബന്ധിച്ച വിഷയം ചർച്ചക്ക് വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
മാർച്ച് ആറിന് ചേരുന്ന മന്ത്രിസഭയോഗം തുടർനടപടികൾ കൈക്കൊള്ളും. പ്രതിരോധ മന്ത്രാലയത്തിലെ വിവിധ തസ്തികകളിലേക്ക് നിബന്ധനകളോടെ ബിദൂനികൾക്ക് സൈനിക ഉദ്യോഗം നൽകുന്നതിന് കഴിഞ്ഞവർഷം ഏപ്രിലിൽ അപേക്ഷ സ്വീകരിച്ചിരുന്നു. ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കു ശേഷമാണ് സ്വീകരിക്കുക.
തുടർന്ന് തരംതിരിച്ച് വിവിധ തസ്തികകളിലേക്കുവേണ്ട പരിശീലനം നൽകും. അപേക്ഷ പരിഗണിക്കുന്നതിന് മന്ത്രാലയം മുൻഗണനാ ക്രമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നതിനിടെ അധിനിവേശ കാലത്ത് ജീവൻ നഷ്ടപ്പെട്ട ബിദൂനികളുടെ മക്കൾക്കാണ് ആദ്യ പരിഗണന നൽകുക. രക്തസാക്ഷി കാര്യാലയത്തിൽ ഇവരുടെ പേര് രജിസ്റ്റർ ചെയ്തിരിക്കുകയും വേണം.
മന്ത്രാലയത്തിൽനിന്ന് വിരമിച്ചവരുടെ മക്കൾ, ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചവരുടെ മക്കൾ, 30 വർഷം സേവനമനുഷ്ഠിക്കുകയും വിമോചന യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തവരുടെ മക്കൾ, 30 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച് ഇപ്പോൾ 65 വയസ്സ് പ്രായമായവരുടെ മക്കൾ എന്നിങ്ങനെയാണ് അപേക്ഷ പരിഗണിക്കുന്നതിനുള്ള മുൻഗണനാക്രമം. സർക്കാർ ജോലിക്ക് തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യം രാജ്യത്തെ ബിദൂനികൾക്കിടയിൽ ഏറെക്കാലമായുണ്ട്. വിഷയത്തിൽ മന്ത്രിസഭകൂടി തീരുമാനം പ്രഖ്യാപിക്കുന്നതോടെ യോഗ്യരായ ബിദൂനി ചെറുപ്പക്കാർക്ക് അതുവഴി ഒരു തൊഴിലവസരം തുറക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
