കുവൈത്ത് തീപിടിത്തം; എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും -മന്ത്രി ജോർജ് കുര്യൻ
text_fieldsന്യൂഡൽഹി: കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തം അതീവ ദുഃഖകരമാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. അപകടത്തിൽപെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പുവരുത്തും. അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികളുണ്ടെന്നത് നടുക്കം വർധിപ്പിക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനുശോചിച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കുവൈത്തിൽ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ പ്രതിപക്ഷനേതാവ് ദുഃഖം രേഖപ്പെടുത്തി. മംഗെഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ നിരവധി മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏകോപനത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.

