മേഖലയിലെ സംഘർഷാവസ്ഥ; ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത്
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം ഡിഫൻസ്
കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കകൂടി പങ്കാളിയായതോടെ കടുത്ത ആശങ്കയിലാണ് മേഖലയിലെ രാജ്യങ്ങൾ. ഇറാൻ ആണവനിലയങ്ങൾ ഉയർത്തുന്ന ഭീഷണി, ജി.സി.സിയിലെ യു.എസ് വ്യോമതാവളങ്ങൾ ഇറാൻ ലക്ഷ്യം വെക്കുമോ എന്ന ഭയം തുടങ്ങിയവ ഈ രാജ്യങ്ങൾക്കുണ്ട്.
കഴിഞ്ഞ ദിവസം ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചു നടന്ന ആക്രമണത്തിൽ കുവൈത്ത് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. എല്ലാത്തരം സംഘർഷങ്ങളും സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കണം.പ്രശ്നങ്ങളിൽ ചർച്ചകൾ വഴി പരിഹാരം കാണണം. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ രാഷ്ട്രീയ പരിഹാര ശ്രമങ്ങൾ ശക്തമാക്കണമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേൽ ആക്രമണം ഇറാന്റെ പരമാധികാരത്തിനെതിരും അന്താരാഷ്ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും ലംഘനവുമാണെന്ന് ചൂണ്ടികാട്ടി ജൂൺ 13ന് പുറത്തിറക്കിയ പ്രസ്താവന ഓർമിപ്പിച്ച് കുവൈത്തിന്റെ നിലപാട് മന്ത്രാലയം വീണ്ടും വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിലിനോടും കുവൈത്ത് ആഹ്വാനം ചെയ്തു.
സ്ഥിതിഗതികൾ വിലയിരുത്തി രാഷ്ട്രത്തലവൻമാർ
കുവൈത്ത് സിറ്റി: മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തി രാഷ്ട്രത്തലവൻമാർ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ ഞായറാഴ്ച കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തി. മിഡിലീസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം എന്നിവ ഇരുവരും ചർച്ച ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അമീറുമായി ഫോണിൽ സംസാരിച്ചു. കുവൈത്തും സൗദിയും തമ്മിലുള്ള ദൃഢമായ ബന്ധം, മിഡിലീസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഇറാനും ഇസ്രായേലും നിലവിലുള്ള സംഘർഷം എന്നിവ ഇരുവരും ചർച്ചചെയ്തു.
സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു. സെയ്ഫ് പാലസിൽ നടന്ന യോഗത്തിൽ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
സംഘർഷ പശ്ചാത്തലത്തിൽ അടിയന്തര നടപടി ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നടത്തിയ തയാറെടുപ്പുകൾ കൗൺസിൽ വിലയിരുത്തി. വിവിധ വകുപ്പുകൾ നടത്തിയ പ്രധാനപ്പെട്ട നടപടികൾ കൗൺസിലിനെ അറിയിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുന്നതിനായി തുടർന്നും യോഗംചേരും.
ആണവ വികിരണ ഭീഷണിയില്ല; നിരീക്ഷണം ശക്തം
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമാതിർത്തിയിലും പ്രാദേശിക ജലാശയങ്ങളിലും ആണവ വികിരണ ഭീഷണിയില്ലെന്ന് നാഷനൽ ഗാർഡ് വ്യക്തമാക്കി. അളവുകൾ സ്ഥിരമായി തുടരുന്നു. മൊത്തത്തിലുള്ള സ്ഥിതി സാധാരണമാണെന്നും നാഷനൽ ഗാർഡ് വ്യക്തമാക്കി.
ശൈഖ് സാലിം അൽ അലി അസ്സബാഹ് കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് നാഷനൽ ഗാർഡിന്റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് അറിയിച്ചു. നൂതന സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന സമഗ്രമായ ദേശീയ നിരീക്ഷണ ശൃംഖല വഴി റേഡിയേഷൻ അളവ് ട്രാക്ക് ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നു.
പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കുമെന്നും നിലവിൽ ആശങ്ക വേണ്ടെന്നും സൂചിപ്പിച്ചു. രാജ്യത്ത് 29 കരസ്ഥലത്തിലും 15 മറൈൻ സ്റ്റേഷനുകളും വഴി വെള്ളത്തിലും വായുവിലുമുള്ള കെമിക്കൽ, റേഡിയേഷൻ ഘടകങ്ങൾ നിരീക്ഷിക്കപ്പെടുന്നു. 2015 മുതൽ 24 മണിക്കൂറും നിരന്തരമായി ഈ പരിശോധനകൾ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

