ഒരുമയുടെ മലർവാടിയിൽ കുട്ടികളുടെ ആനന്ദോത്സവം
text_fieldsഅബ്ബാസിയ: ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷന് കീഴിൽ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. 500ഓളം കുരുന്നുകൾ അണിനിരന്നു. അബ്ബാസിയ പാകിസ്താൻ സ്കൂളിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജാതി മത വർഗ വ്യത്യാസങ്ങൾക്കതീതമായി ഐക്യപ്പെടാനുള്ള മഹത്തായ സന്ദേശമാണ് കുഞ്ഞുങ്ങൾ ഒരുമിക്കാം ഒത്തുകളിക്കാം എന്ന ഈ പരിപാടിയിലൂടെ സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി’ എന്ന കുഞ്ഞുണ്ണി മാഷിെൻറ കവിതയും അദ്ദേഹം കുട്ടികളുമായി ഒത്തുചൊല്ലി.
ഐവ പ്രസിഡൻറ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. സിലബസിലും ക്ലാസ് മുറിയിലും അടച്ചിട്ട ഫ്ലാറ്റുകളിലും വരിഞ്ഞുമുറുക്കപ്പെടുന്ന പ്രവാസി കുരുന്നുകളുടെ സർഗവാസനകൾ കൂമ്പടിഞ്ഞുപോകാനിടയാവാതെ തളിർത്ത് വളരുവാനുള്ള അവസരമൊരുക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ഐവ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. കുരുന്നുകളിൽ മൂല്യബോധവും സംഘബോധവും സന്നിവേശിപ്പിക്കാനും സർഗവാസനകൾ പരിപോഷിപ്പിക്കാനും ഇത്തരം പരിപാടികൾ ഉപകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങിയ മത്സരത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ അടിക്കുറിപ്പ്, പദപ്രശ്നം, ൈകയെഴുത്ത്, ചിത്രരചന, വേർഡ് ഗെയിം, തിരിച്ചറിയാം, മെമ്മറി ടെസ്റ്റ്, കളറിങ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളും കുരുന്നുകൾ അവതരിപ്പിച്ച ഒപ്പന, സംഗീതശിൽപം, ടാബ്ലോ, സ്വാഗതഗാനം, കവിതാ ആലാപനം, സ്കിറ്റ്, കോൽക്കളി, കിച്ചൻ ഓർക്കസ്ട്ര, ഖവാലി, വെൽകം ഡാൻസ്, അറബിക് ഡാൻസ്, തീം ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
സാം പൈനുംമൂട്, സി.കെ. നജീബ്, സിന്ധു അജിത്, ധർമരാജ് മടപ്പള്ളി, പി.ടി. ശരീഫ് എന്നിവർ സംസാരിച്ചു. ഐവ ജനറൽ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതവും സുമയ്യ നിയാസ് നന്ദിയും പറഞ്ഞു. യുദ്ധക്കെടുതിക്ക് ഇരയാകുന്ന മനുഷ്യരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുട്ടികൾക്ക് നേരെയുള്ള ക്രൂരമായ അതിക്രമങ്ങൾക്ക് എതിരെ ശബ്ദമുയർത്തിയും കുരുന്നുകൾ പ്രതിജ്ഞ ചൊല്ലി. സബാ ഫായിസ് നേതൃത്വം നൽകി. സെമിയ, സബീന, നിഷ, സമീറ, വർദ, റംല, സുമയ്യ, മറിയം, ആയിശ എന്നിവർ തുടങ്ങിയ വകുപ്പുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
