പാക് തൊഴിലാളികളുടെ റിക്രൂട്ടിങ് വിലക്ക് അവസാനിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ഏതാനും വർഷങ്ങളായി തുടരുന്ന റിക്രൂട്ടിങ് വിലക്ക് അവസാനിപ്പിച്ച് പാകിസ്താനിൽനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കുവൈത്ത് ധാരണയിലെത്തിയതായി റിപ്പോർട്ട്. കുവൈത്ത് തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് ആണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
പാക് സർക്കാറിെൻറ നിരന്തര ആവശ്യപ്രകാരം മെഡിക്കൽ, എൻജിനീയറിങ് മേഖലകളിൽ നിപുണരായവരെ മാത്രം റിക്രൂട്ട് ചെയ്യാനാണ് ധാരണയായത്. ഇതുസംബന്ധിച്ച നിയമ–സുരക്ഷാ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും വൈകാതെ യോഗ്യരായ പാക് ഉദ്യോഗാർഥികൾ കുവൈത്തിലെത്തുമെന്നും ഹിന്ദ് അസ്സബീഹ് സൂചിപ്പിച്ചു.
സുരക്ഷാ ഭീഷണിയുള്ള രാജ്യങ്ങളുടെ ഗണത്തിൽപ്പെടുത്തി പാകിസ്താനിൽനിന്നുള്ള പൊതു റിക്രൂട്ട്മെൻറ് കുവൈത്ത് നിർത്തിവെച്ചിരിക്കുകയായിരുന്നു. സിറിയ, ഇറാഖ്, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, യമൻ എന്നീ രാഷ്ട്രക്കാർക്കാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോൾ നിയന്ത്രണം പിൻവലിക്കുമെന്നും കുവൈത്ത് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ കുവൈത്ത് സന്ദർശിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഇടപെടലാണ് പുതിയ തീരുമാനത്തിന് സഹായകമായതെന്ന് റിപ്പോർട്ടുണ്ട്. പാകിസ്താൻ, ഇറാഖ് എന്നീ രാജ്യക്കാർക്ക് ഇടക്കാലത്ത് നിയന്ത്രങ്ങൾ ലഘൂകരിക്കുകയും ചെയ്തിരുന്നു. പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പൗരന്മാർ കുവൈത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ഇവിടെ ജോലി ചെയ്യുന്നതിനോ നാട്ടിൽപോയി തിരിച്ചുവരുന്നതിനോ പ്രശ്നങ്ങളൊന്നുമില്ല. പൊതു റിക്രൂട്ട്മെൻറിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോൾ മയപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
