അവിദഗ്ധ തൊഴിലാളികളുടെ വ്യാപനം തടയണം –ഓഡിറ്റ് ബ്യൂറോ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അവിദഗ്ധ തൊഴിലാളികളുടെ വ്യാപനം തടയാനുള്ള നടപടികൾ കാ ര്യക്ഷമമാക്കണമെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ. വിദേശികളായ അവിദഗ്ധ തൊഴിലാളികളു ടെ വ്യാപനം തടയുന്നതിന് മാൻപവർ അതോറിറ്റി കൈക്കൊണ്ടുവരുന്ന നടപടികൾ വിശദമായി വിലയിരുത്തിയ ശേഷമാണ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട് തയാറാക്കിയത്. സ്വകാര്യമേഖലയിലെയും എണ്ണ മേഖലയിലെയും ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വേളയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം ലംഘിക്കപ്പെടാൻ ഇടയാക്കുന്ന നിയമ ലംഘനങ്ങൾ തൊഴിൽ മേഖലയിൽ വ്യാപകമാണെന്ന നിരീക്ഷണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലാളികൾ പണം നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. റെസിഡൻസി ട്രാഫിക്കിങ് എന്ന ഈ പ്രവണത രാജ്യത്ത് വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും തൊഴിലാളികൾ കരാറിൽ പറഞ്ഞിട്ടുള്ള ജോലിയെക്കാൾ കഠിനമായ ജോലികൾക്ക് നിയോഗിക്കപ്പെടുന്നുണ്ട്. ചില സ്പോൺസർമാർ തൊഴിലാളികളെ അപമാനിക്കുകയും ദേഹോപദ്രവമേൽപിക്കുകയും പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നു. തൊഴിലാളിയെ നാട്ടിൽ പോകാൻ അനുവദിക്കാതിരിക്കുക, സേവനാനന്തര ആനുകൂല്യങ്ങൾ നിഷേധിക്കുക, തൊഴിലാളിയുടെ പൗരത്വം അടിസ്ഥാനമാക്കി വേതനവ്യവസ്ഥയിൽ വിവേചനം കാണിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ശ്രദ്ധയിൽ പെട്ടതായി ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അടിയന്തര ജോലിയുടെ ആവശ്യകത കാരണം തൊഴിലാളികൾക്ക് പരാതിപ്പെടാൻ കഴിയില്ലെന്ന ഉറപ്പിലാണ് ഈ ലംഘനങ്ങളിൽ പലതും നടന്നത്. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം വർധിക്കുന്നത് സുരക്ഷ മേഖലയിലും സാമ്പത്തിക മേഖലയിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയതായും റിപ്പോർട്ട് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.