മാനം തെളിഞ്ഞു; അനുഭവപ്പെട്ടത് ശക്തമായ പൊടിക്കാറ്റ്
text_fieldsകുവൈത്ത് സിറ്റി: കനത്ത പൊടിക്കാറ്റിനുശേഷം രാജ്യത്ത് ഇന്നലെ ആകാശം തെളിഞ്ഞു. എങ്കിലും വിദ്യാലയങ്ങളുടെ പ്രവർത്തനം ഇന്നലെ ഓൺലൈനായാണ് നടന്നത്. മുൻ ദിവസത്തെ പൊടിക്കാറ്റും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്തായിരുന്നു തീരുമാനം.
തിങ്കളാഴ്ച ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. വൈകീട്ടോടെ പടിഞ്ഞാറുനിന്ന് രാജ്യത്തേക്ക് പ്രവേശിച്ച പൊടിക്കാറ്റ് മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിലാണ് ആഞ്ഞുവീശിയത്. ഇതോടെ അന്തരീക്ഷം പൊടിയിൽ മൂടി. വളരെ പെട്ടെന്ന് നഗരത്തെയും റോഡിനെയും സ്ഥാപനങ്ങളെയും പൊടി വിഴുങ്ങി. പല സ്ഥാപനങ്ങളും അടച്ചിടേണ്ടിവന്നു. പൊടിപടലങ്ങൾ ഉളള്ളിലേക്ക് കയറിയത് സ്ഥാപനങ്ങളെയും അപ്പാർട്ട്മെന്റുകളെയും വലച്ചു. ജനങ്ങൾ പുറത്തിറങ്ങാനാകാതെ വലഞ്ഞു. നിർത്തിയിട്ട വാഹനങ്ങൾ പൊടിയിൽ മൂടി.
അന്തരീക്ഷത്തിൽ നിറഞ്ഞ പൊടി വാഹന ഗതാഗതത്തെ കാര്യമായി ബാധിച്ചു. ദൃശ്യപരത കുറഞ്ഞത് ഡ്രൈവിങ്ങിന് പ്രയാസം തീർത്തു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചു.ചൊവ്വാഴ്ച രാവിലെയോടെ കാലാവസ്ഥയിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടായി. പുതിയ കാലാവസ്ഥാ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ പിന്തുടരാൻ അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

