ഗസ്സയിലേക്ക് ആംബുലൻസുകളും പുതപ്പും നൽകി കുവൈത്ത്
text_fieldsഗസ്സയിലേക്കുള്ള സഹായങ്ങൾ വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഫലസ്തീന് സഹായവുമായി നാല് ആംബുലൻസുകളും ഭക്ഷണസാധനങ്ങളും പുതപ്പുകളും ഉൾപ്പെടെ 40 ടൺ സഹായ സാമഗ്രികളുമായി ചൊവ്വാഴ്ച കുവൈത്തിൽ നിന്നുള്ള വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി. ഇതോടെ കുവൈത്ത് അയക്കുന്ന സഹായ വിമാനങ്ങളുടെ എണ്ണം 39 ആയി.
ഗസ്സയിലെ ആളുകളെ സഹായിക്കുക എന്നത് പ്രധാന സാമൂഹിക ലക്ഷമാണെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) പബ്ലിക്ക് റിലേഷൻ ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പിന്തുണക്കുന്നതിനും കെ.ആർ.സി.എസ് മാനുഷിക സഹായം അയക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലി അധിനിവേശ സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിന്റെ ഇരകളായ ഫലസ്തീൻ ജനതയെ സഹായിക്കാൻ സൊസൈറ്റിയുടെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ അൽ സെയ്ദ് ഓർമിപ്പിച്ചു. സഹായം എത്തിക്കുന്നതിന് സൗകര്യങ്ങളും വിമാനങ്ങളും നൽകുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

