കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണമെന്ന് നിർദേശം
text_fieldsകുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് മുടങ്ങാതെ നൽകണമെന്ന് കർശന മുന്നറിയിപ്പ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇതുസംബന്ധിച്ച് തൊഴിലുടമകൾക്ക് നിർദേശം നൽകി. ശമ്പളം നൽകാത്ത സാഹചര്യം ആശങ്കാജനകമായ തലത്തിലേക്ക് എത്തിയിട്ടുണ്ടെന്നും, നിർദ്ദേശം പാലിക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ് ഉടമകളുമായുള്ള കൂടിക്കാഴ്ചയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പാം) അധ്യക്ഷൻ കൂടിയായ മന്ത്രിയുടെ മുന്നറിയിപ്പ്. കുവൈത്ത് പൗരന്മാരുടെ ശമ്പളം നൽകുന്നതുപോലെ തന്നെ, വിദേശികളുടെ ശമ്പളവും വിവേചനമില്ലാതെ കൃത്യമായി നൽകണമെന്ന് ശൈഖ് ഫഹദ് തൊഴിലുടമകളോട് നിർദേശിച്ചു. ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നം ആശങ്കാജനകമായ അവസ്ഥയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, പ്രവാസി തൊഴിലാളികൾക്ക് ശമ്പളം നൽകാതിരിക്കൽ എന്നിവയാണ് രാജ്യം നേരിടുന്ന മൂന്ന് പ്രധാന പ്രശ്നങ്ങൾ. ഇവ കുവൈത്തിന്റെ അന്താരാഷ്ട്ര റാങ്കിംഗുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പറഞ്ഞു.
ഒരു രാജ്യത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം 30-40 ശതമാനത്തിൽ കൂടാൻ കഴിയാത്ത വിധത്തിൽ ക്വാട്ടാ സമ്പ്രദായം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ, പാമിനോടും റെസിഡൻസി അഫയേഴ്സ് വകുപ്പിനോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗാർഹിക ജീവനക്കാരെ (ആർട്ടിക്കിൾ 20 റെസിഡൻസി) സ്വകാര്യ മേഖലയിലേക്ക് (ആർട്ടിക്കിൾ 18) മാറ്റുന്നതിനുള്ള സൗകര്യം പുന:സ്ഥാപിക്കണമെന്ന് ചില തൊഴിലുടമകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ, ഇക്കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.
ശമ്പളം നൽകാത്തതിനെത്തുടർന്ന് 10,000 കമ്പനികളുടെ ഫയലുകൾ അന്വേഷണത്തിലാണ്, ഇതിൽ ചില കമ്പനികൾ നാല് മാസത്തോളമായി ശമ്പളം നൽകിയിട്ടില്ലന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, ശമ്പളം നൽകാത്തതിനെത്തുടർന്ന് ഏകദേശം 8,450 കമ്പനികളുടെ ഫയലുകൾ ഈ വർഷം ജൂൺ വരെ മരവിപ്പിച്ചതായി പാം ഡയറക്ടർ ജനറൽ റബാബ് അൽ ഉസൈമി യോഗത്തിൽ അറിയിച്ചു. ശമ്പളം കൃത്യമായി ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നും, പിന്നീട് തൊഴിലുടമകൾ അത് പിൻവലിക്കുന്നില്ലെന്നും ഉറപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്കുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

