കഴിഞ്ഞ വർഷം നാടുകടത്തിയത് 30,000 പ്രവാസികളെ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് മൊത്തം 30,000 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തി. വിവിധ കുറ്റകൃത്യങ്ങൾ, നിയമലംഘനങ്ങൾ, വിസ കാലാവധി കഴിഞ്ഞും കുവൈത്തിൽ കഴിഞ്ഞവർ തുടങ്ങിയവർ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജുഡീഷ്യൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് 660 പേരെ നാടുകടത്തിയത്. മയക്കുമരുന്ന് ദുരുപയോഗം, വഴക്കുകൾ, മോഷണങ്ങൾ, മദ്യം ഉൽപാദിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും നാടുകടത്തി.
17,000 പുരുഷന്മാരും 13,000 സ്ത്രീകളും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ട പുരുഷന്മാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 6,400 ഇന്ത്യൻ പുരുഷന്മാരെ കഴിഞ്ഞ വർഷം രാജ്യത്തിന് പുറത്താക്കി. ബംഗ്ലാദേശികൾ (3,500), ഈജിപ്തുകാർ (3,000) എന്നിങ്ങനെയാണ് മറ്റുള്ളവർ. നാടുകടത്തപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗവും ഫിലിപ്പീനികളാണ്. ഈ രാജ്യത്തുനിന്നുള്ള 3,000 പേർ പുറത്തായി. ശ്രീലങ്കയിൽ നിന്നുള്ള (2,600), ഇന്ത്യക്കാരായ (1,700), ഇത്യോപ്യൻ സ്ത്രീകൾ (1,400) എന്നിങ്ങനെയാണ് മറ്റുകണക്കുകൾ.