കുവൈത്തിലെ മരണങ്ങളിൽ 40 ശതമാനം ഹൃദ്രോഗം കാരണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മരണങ്ങളിൽ 40 ശതമാനവും ഹൃദ്രോഗ സംബന്ധമായ കാരണങ്ങളാലാണെന്ന് വെളിപ്പെടുത്തൽ. ജി.സി.സി-യൂറോപ്യൻ ഹാർട്ട് സൊസൈറ്റിയുടെ രണ്ടാം ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രമേഹം, രക്തസമ്മർദം പോലുള്ള ജീവിതശൈലീ രോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള മറ്റു രോഗങ്ങളുമാണ് ആളുകളെ മരണത്തിലേക്ക് നയിക്കുന്ന മറ്റു പ്രധാന കാരണങ്ങൾ.
ആരോഗ്യ പൂർണമായ ഭക്ഷണ ശൈലിയോടൊപ്പം കൃത്യമായ വ്യായാമം തുടരുകയാണെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പഠനം. ഫാസ്റ്റ് ഫുഡ് സംസ്കാരം കുട്ടികളെയും മുതിർന്നവരെയും പൊണ്ണത്തടിയുള്ളവരാക്കി മാറ്റുന്നു. ഇങ്ങനെയുള്ളവർ ഭാവിയിൽ ഹൃദയരോഗികളായി മാറാനുള്ള സാധ്യത ഏറെയാണ്. ഹൃദ്രോഗ ചികിത്സയിൽ മുൻകാലത്തെ അപേക്ഷിച്ച് രാജ്യം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ചികിത്സാ മേഖലയിൽ യൂറോപ്പിലേതുൾപ്പെടെ വിവിധ രാജ്യങ്ങളുമായി സഹകരണം രൂപപ്പെടുത്തിയത് ഇതിന് മുതൽക്കൂട്ടായി. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഹൃദ്രോഗ മേഖലയിൽ ഇന്ന് കുവൈത്തിലും ലഭ്യമാണെന്ന് മുസ്തഫ റിദ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
