അപകടഭീഷണിയായി ബൈക്കിലെ അഭ്യാസപ്രകടനം
text_fieldsസാൽമിയ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ബൈക്കഭ്യാസം നടത്തുന്ന യുവാക്കൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം അപകടഭീഷണി ഉയർത്തുന്നു. തിരക്കേറിയ നിരത്തുകളിൽപോലും വാഹനം കറക്കി ഭീതിപരത്തുന്ന പ്രവണത വ്യാപകമാണ്. രാജ്യത്തിന്റെ പലഭാഗത്തും റോഡുകളിലെ വാഹനാഭ്യാസം പതിവ് കാഴ്ചയായി. അഹമ്മദി, കാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ ഇത്തരം കേസുകൾ കൂടുതലാണ്. വാഹനം കറക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുമുണ്ട്. സ്വദേശി യുവാക്കളാണ് അഭ്യാസപ്രകടനം നടത്തുന്നത്. പൊലീസ് പിടികൂടിയാൽ തന്നെ ഇവരെ മോചിപ്പിക്കാൻ ഉന്നതതല ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിക്കുന്ന ഓടിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്ന് ഗതാഗത വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ് നിർദേശിച്ചു. മരുഭൂമിയിലും ജനവാസമില്ലാത്ത ഇടങ്ങളിലും മാത്രം ഓടിക്കാൻ അനുമതിയുള്ള ഡെസേർട്ട് ബൈക്കുകൾ റോഡിൽ ഉപയോഗിക്കുന്നതും കാണാം. 100 ദീനാർ പിഴ ലഭിക്കുന്ന കുറ്റമാണിത്. കൂടാതെ പിടികൂടിയ ഒരു ബൈക്ക് കൊണ്ട് പോകുന്നതിന് 30 ദീനാറും കസ്റ്റഡിയിൽ വെക്കുന്ന ഓരോ ദിവസത്തിനും ഒരു ദീനാർ വീതവും ഈടാക്കും. നിശ്ചിത ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിൽ ഉടമ എത്തിയില്ലെങ്കിൽ ബൈക്കുകൾ ലേലം ചെയ്യുമെന്നുമാണ് വ്യവസ്ഥ. സ്വദേശി യുവാക്കൾ ഡെസേർട്ട് ബൈക്കുകളുമായി റോഡിൽ ഇറങ്ങുന്നത് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതായി പരാതിയുണ്ട്. തണുപ്പുകാലത്താണ് ഇത്തരം വാഹനങ്ങൾ സജീവമാകുന്നത്. റോഡിലിറങ്ങുന്നതിന് പുറമെ അഭ്യാസപ്രകടനവും ഗതാഗതമര്യാദകൾ പാലിക്കാതെയുള്ള റൈഡിങ്ങും മറ്റു വാഹനയാത്രക്കാർക്ക് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

