കമ്പനി യാത്ര സൗകര്യം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ വരുമാനക്കാർ

  • ബസ്​ നിലച്ചതോടെ ശമ്പളത്തേക്കാൾ അധികം തുക യാത്രക്ക്​ ചെലവായിരുന്നു ഇവർക്ക്​

21:52 PM
26/03/2020

കുവൈത്ത്​ സിറ്റി: ടാക്​സി സർവീസുകൾ നിലക്കുന്നതോടെ കമ്പനി യാത്ര സൗകര്യം ഏർപ്പെടുത്തുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ​.  60 മുതൽ 80 ദീനാർ വരെ ശമ്പളത്തിന്​ ജോലിചെയ്യുന്ന ലക്ഷക്കണക്കിന്​ തൊഴിലാളികൾ രാജ്യത്തുണ്ട്​​​. ഒാഫിസ്​ ബോയ്​, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ മാർച്ച്​ 12 മുതൽ പൊതുഗതാഗത സംവിധാനമായ ബസുകൾ നിർത്തിയതോടെ ടാക്​സി ആണ്​ ​ആശ്രയിച്ചിരുന്നത്​.

 

ബസ്​ സർവീസ്​ നിലച്ചതോടെ ശമ്പളത്തേക്കാൾ കൂടുതൽ തുക യാത്രക്ക്​ ചെലവഴിക്കേണ്ട സ്ഥിതിയായിരുന്നു ഇവർക്ക്​. പുതിയ സാഹചര്യത്തിൽ കമ്പനികൾ പ്രവർത്തിക്കാതിരിക്കുകയോ ജീവനക്കാർക്ക്​ കമ്പനി യാത്രാ സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യേണ്ടി വരും. 250 ഫിൽസ്​ മാത്രമാണ്​ ഒരുവശത്തേക്ക്​ ബസ്​ നിരക്ക്​. മാസാന്ത പാസ്​ എടുത്താൽ ബസ്​ പൈസ പിന്നെയും കുറയും.

എന്നാൽ, ടാക്​സിക്ക്​ ഒരുവശത്തേക്ക്​ മാത്രം രണ്ടുദീനാർ മുതൽ നൽകേണ്ടി വന്നിരുന്നു. ബസ്​ സർവീസ്​ നിലച്ചതോടെ യാത്രാ ചെലവ്​ വഹിക്കാൻ പലരും ​ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം കമ്പനികളും അംഗീകരിച്ചിരുന്നില്ല. ജോലി നഷ്​​ടപ്പെടുത്തേണ്ടെന്ന്​ കരുതിയാണ്​ പലരും നഷ്​ടം സഹിച്ച്​ പോയി വന്നിരുന്നത്​. ടാക്​സിയും നിലച്ച സാഹചര്യത്തിലും ഏതുവിധേനയും എത്താനാണ്​ കമ്പനികൾ പറയുന്നതെങ്കിൽ സ്വന്തമായി വാഹനമില്ലാത്ത ചെറിയ വരുമാനക്കാർ പ്രതിസന്ധിയിലാവും. ബസ്​ സർവീസിന്​ സമാനമായി മിനി ബസുകൾ സർവീസ്​ നടത്തിയിരുന്നുവെങ്കിലും ഇത്​ അനധികൃതമാണ്​. ടാക്​സി നിലക്കുന്നതോടെ ഇത്തരം സമാന്തര സർവീസുകൾ കൂടുതൽ സജീവമായേക്കും.

Loading...
COMMENTS