ആരാണ് ‘ശരിക്കും’ പാർട്ടിക്കാർ? കുവൈത്തിലെ കോൺഗ്രസ് അനുകൂലികളിൽ തർക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കോൺഗ്രസ് അനുകൂലികളിൽ ‘സംഘടന’ തർക്കം. കോൺഗ്രസ് ഔദ്യോഗിക പ്രവാസി സംഘടനയായ ഒ.ഐ.സി.സിക്ക് പുറമെ പാർട്ടി അനുകൂലികളുടെ മറ്റുസംഘടനകളും കുവൈത്തിൽ നിലവിലുണ്ട്.
ഒ.ഐ.സി.സിക്ക് പുറമെ ഉള്ളതെല്ലാം വിഭാഗീയ പ്രവർത്തനമാണെന്ന നിലപാടിലാണ് പാർട്ടി. എന്നാൽ തങ്ങളും ശരിയായ കോൺഗ്രസ് പ്രവർത്തകർ ആണെന്നാണ് മറ്റു സംഘടനകളും പറയുന്നത്. ഒ.ഐ.സി.സിയിൽ നിന്ന് പുറത്തു പോയവർ രൂപം നൽകിയ ഇൻകാസ് കുവൈത്ത് ആണ് ഇതിൽ മുഖ്യമായത്. ഇതിനിടെ വിഷയത്തിൽ കെ.പി.സി.സി സംസ്ഥാന നേതൃത്വവും ഇടപെട്ടു.
വിഭാഗീയ പ്രവർത്തനങ്ങളിൽ കെ.പി.സി.സി മുന്നറിയിപ്പ്
കോൺഗ്രസ് പാർട്ടിയുടെ പേരിൽ കുവൈത്തിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾക്ക് എതിരെ മുന്നറിയിപ്പ് നൽകി കെ.പി.സി.സി. പ്രസ്ഥാനത്തിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ നടത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടതിനാലാണ് ഇടപെടൽ എന്ന് ഇത് സംബന്ധിച്ച് കെ.പി.സി.സി സംസ്ഥാന ഭാരവാഹി നെയ്യാറ്റിൻകര സനൽ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
കെ.പി.സി.സിയുടെ പൂർണ അംഗീകാരത്തോടെ കുവൈത്തിൽ പ്രവർത്തിക്കുന്ന ഏക ഔദ്യോഗിക സംഘടന ഒ.ഐ.സി.സി കുവൈത്ത് ആണ്. ഒ.ഐ.സി.സി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോൾ ‘ഇൻകാസ് കുവൈത്ത്' എന്ന പേരിൽ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ നടത്തുന്ന വിമത പ്രവർത്തനങ്ങളെ സംഘടന ഗൗരവമായി കാണുന്നു. നാട്ടിലെ പ്രമുഖ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് ആശംസാസന്ദേശങ്ങൾ ശേഖരിച്ച് പ്രചരിപ്പിക്കുന്നതും അംഗീകാരമില്ലാത്ത ഈ കൂട്ടായ്‌മയുടെ പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതാണ്.
പാർട്ടി ആശയങ്ങളോട് ആത്മാർത്ഥത പുലർത്തുന്ന സാധാരണക്കാരായ പ്രവർത്തകർ ഇത്തരം വിമത പ്രവർത്തനങ്ങളിൽ പെട്ടുപോകരുതെന്നും ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പാർട്ടി പ്രവർത്തകരും പിന്തുണ നൽകണമെന്നുംനെയ്യാറ്റിൻകര സനൽ അഭ്യർത്ഥിച്ചു .
കോൺഗ്രസ് സ്നേഹത്തെ ചോദ്യം ചെയ്യരുത് - ഇൻകാസ്
കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇൻകാസ്. എന്ത് തടസ്സങ്ങളുണ്ടായാലും പ്രവാസലോകത്ത് കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ഞങ്ങൾ പ്രവർത്തിക്കുക തന്നെ ചെയ്യും. കഴിഞ്ഞ ഒരു വർഷക്കാലമായി കുവൈത്തിൽ ഇൻകാസ് നടത്തിയ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കെ.പി.സി.സി തയ്യാറാകണം.
വർഷങ്ങ ളായി സംഘടന കയ്യടക്കി വെച്ചിരിക്കുന്നവർ പ്രസ്ഥാനത്തെ വളർത്തുകയല്ല, താഴേക്ക് നയിക്കുകയാണ് ചെയ്തത്.
ഇത് മനസ്സിലാക്കിക്കൊണ്ടാണ് നൂറുകണക്കിന് കോൺഗ്രസ് സ്നേഹികൾ ഇൻകാസ് കുവൈത്തിന്റെ നാമധേയത്തിൽ രംഗത്തിറങ്ങിയത്. കെ.പി.സി.സിയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത് വരെയും, അതിനുശേഷവും ഒറ്റക്കെട്ടായി കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.
കെ.പി.സി.സിയുടെ ഔദ്യോഗിക അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന സംഘടനയുടെ പേരിൽ കുവൈത്തിൽ നടക്കുന്ന കാര്യങ്ങൾ വേദനാജനകമാണ്. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട പ്രസ്ഥാനത്തെ ഏതാനും സ്വാർത്ഥ താല്പര്യക്കാർ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കെ.പി.സി.സി നേതൃത്വം നേരിട്ട് കുവൈത്തിൽ വന്ന് യഥാർത്ഥ പ്രവർത്തനം ആരാണ് നടത്തുന്നതെന്ന് വിലയിരുത്തകയാണ് വേണ്ടത്. കോൺഗ്രസിനെ നെഞ്ചിലേറ്റുന്ന നൂറുകണക്കിന് പ്രവർത്തകരെ അപമാനിക്കുന്ന രീതിയിലുള്ള നോട്ടീസുകൾ കെ.പി.സി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ഇൻകാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

