ഖത്തർ എംബസി ആക്രമണത്തിൽ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാൻ തലസ്ഥാനമായ ഖർത്തൂമിലെ ഖത്തർ എംബസി കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും 1961ലെ വിയന്ന ഉടമ്പടിയുടെയും നഗ്നമായ ലംഘനമാണിതെന്നും നയതന്ത്ര ദൗത്യങ്ങളുടെ ഓഫിസുകളെ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളും അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അക്രമികൾക്കെതിരെ അടിയന്തര നടപടിയെടുക്കാനും നയതന്ത്ര ദൗത്യങ്ങളുടെ കെട്ടിടങ്ങൾക്ക് പൂർണസുരക്ഷ നൽകാനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും സുഡാനിലെ അധികാരികളോട് കുവൈത്ത് ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുമുമ്പ് സുഡാനിലെ കുവൈത്ത് എംബസി സൈനിക ഓഫിസ് മേധാവിയുടെ വസതിയിൽ അതിക്രമിച്ചുകയറി ഒരുസംഘം കൊള്ള നടത്തിയിരുന്നു.

