ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തകരുടെ കൊല: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ ‘വേൾഡ് സെൻട്രൽ കിച്ചണി’ന്റെ പ്രവർത്തകരെ ഇസ്രായേൽ ബോംബിട്ടു കൊന്നതിൽ ശക്തമായി അപലപിച്ച് കുവൈത്ത്. ദുരിതാശ്വാസ സ്ഥാപനങ്ങൾക്കും മാനുഷിക സംഘടനകൾക്കും നേരെ ഇസ്രായേൽ അധിനിവേശ സേന തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയാണ്. കൂട്ടക്കൊലകൾ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തര ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു.
ഈ സമീപനത്തെ കുവൈത്ത് അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സെൻട്രൽ ഗസ്സയിലെ ദേൽ അൽ ബലാഹിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ ‘വേൾഡ് സെൻട്രൽ കിച്ചണി’ന്റെ ഏഴു പ്രവർത്തകരെ ഇസ്രായേൽ ബോംബിട്ടുകൊന്നത്.
ദേർ അൽ ബലാഹിലെ വെയർഹൗസിൽനിന്ന് 100 ടൺ ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിൽ ഇസ്രായേൽ ബോംബിടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ യു.എസ്, ആസ്ട്രേലിയ, ബ്രിട്ടൻ, പോളണ്ട് എന്നിവിടങ്ങളിൽനിന്നുള്ളവരും ഫലസ്തീനികളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

