ഇസ്രായേൽ കുടിയേറ്റ തീരുമാനത്തെ കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിൽ 3,500 പുതിയ അനധികൃത സെറ്റ്ൽമെൻ്റ് യൂനിറ്റുകൾ നിർമിക്കാനുള്ള ഇസ്രായേൽ തീരുമാനത്തെ കുവൈത്ത് അപലപിച്ചു. ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും പിടിയിലാക്കാനുള്ള നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ നിയലംഘന പ്രവൃത്തികൾ തടയാൻ അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗൺസിലും ഇടപെടണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്ന ഇസ്രായേലിന്റെ നടപടി അംഗീകരിക്കരുതെന്നും ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം ആസ്വദിക്കാൻ എല്ലാ ഫലസ്തീനികൾക്കും അവകാശമുണ്ടെന്ന് അന്താരാഷ്ട്ര പ്രമേയങ്ങളിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ കൂടുതൽ കുടിയേറ്റ ഭവനങ്ങൾ നിർമിക്കുമെന്ന് കഴിഞ്ഞദിവസമാണ് ഇസ്രായേൽ പ്രഖ്യാപിച്ചത്.
കിഴക്കൻ ജറൂസലമിലെ മാലി അദൂമിൽ, കിദർ, ഇഫ്റത് എന്നിവിടങ്ങളിലാണ് കുടിയേറ്റ ഭവനങ്ങൾ നിർമിക്കാൻ നീക്കം. 20,000ത്തോളം കുടിയേറ്റ ഭവനങ്ങൾക്ക് കഴിഞ്ഞ വർഷം ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ കുടിയേറ്റ വ്യാപനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

