സംഘർഷത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിന് -കുവൈത്ത് ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരായി ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു. മേഖലയിലെ സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രായേൽ സൈന്യം അൽ അഖ്സ മസ്ജിദിൽ ആക്രമണം നടത്തുകയും മുസ്ലിം ആരാധകരെ ബലമായി പുറത്താക്കുകയും ചെയ്തുകൊണ്ട് ആരംഭിച്ച ആക്രമണങ്ങളാണ് നിലവിലെ സംഘർഷത്തിന് കാരണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നു. ഇത്തരം ലംഘനങ്ങളോടും കുറ്റകൃത്യങ്ങളോടുമുള്ള കുവൈത്തിന്റെ അസന്ദിഗ്ധമായ നിരാകരണം വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ അക്രമ പ്രവൃത്തികൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അൽ അഖ്സ മസ്ജിദിലെയും അധിനിവേശ പ്രദേശങ്ങളിലെ മുസ്ലിം വിശുദ്ധ സ്ഥലങ്ങളിലെയും ഇസ്രായേൽ അക്രമങ്ങളും ലംഘനങ്ങളും തടയാനും ഫലസ്തീൻ ജനതക്ക് പൂർണ സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രശ്നത്തിൽ വേഗത്തിൽ നടപടിയെടുക്കാനും വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
മസ്ജിദുൽ അഖ്സയിൽ പ്രാർഥിക്കുകയായിരുന്ന വിശ്വാസികൾക്കു നേരെ ബുധനാഴ്ച ഇസ്രായേൽ പൊലീസ് നടത്തിയ അതിക്രമങ്ങളെ തുടർന്ന് മേഖലയിൽ സംഘർഷം വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗസ്സയിലും തെക്കൻ ലബനാനിലും ഇസ്രായേൽ ബോംബാക്രമണം നടത്തുകയുണ്ടായി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നടന്ന വെടിവെപ്പിൽ രണ്ടു ജൂത കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. ഗസ്സയിൽനിന്നും ലബനാനിൽനിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണവും ഉണ്ടായി.
പ്രശ്നത്തിന്റെ തുടക്കത്തിൽ തന്നെ കുവൈത്ത് വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇസ്ലാമിക പവിത്ര സ്ഥലങ്ങൾക്കും നിരപരാധികളായ ഫലസ്തീൻ ആരാധകർക്കുമെതിരായ ഇസ്രായേലിന്റെ നികൃഷ്ടവും നിരന്തരവുമായ ആക്രമണങ്ങൾ തടയുന്നതിന് യു.എൻ ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

