രാജ്യത്ത് അതിശൈത്യം; ശക്തമായ തണുപ്പിൽ വിറച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത തണുപ്പ് തുടരുന്നു. രണ്ടു ദിവസമായി അനുഭവപ്പെടുന്ന തണുപ്പ് വരും ദിവസങ്ങളിലും തുടരും. തിങ്കളാഴ്ച രാത്രി മുതൽ രാജ്യം കടുത്ത ശൈത്യത്തിലേക്ക് പ്രവേശിച്ചു. ഇതോടെ ചൊവ്വാഴ്ച പകലും തണുപ്പ് അനുഭവപ്പെട്ടു.
ഇടവേളക്കുശേഷം തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ജനങ്ങൾ വീണ്ടും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കനത്ത തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റും കാരണം രാത്രി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
വരും ദിവസങ്ങളിലും ഇതേ നില തുടരുമെന്നാണ് സൂചന. പകൽ പരമാവധി താപനില 14 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില ഏഴു ഡിഗ്രി സെൽഷ്യസ് വരെയും എത്താം. അതേസമയം രാജ്യത്തെ ചില മരുപ്രദേശങ്ങളിൽ താപനില ഒരു ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.
വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഇത്ര ശക്തമായ അതിശൈത്യം അനുഭവപ്പെടുന്നത്. രാത്രിയിൽ തണുപ്പ് കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.പകൽ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 12-45 കി.മീ വരെയും, രാത്രിയിൽ 10-38 കി.മീ വരെയും എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാർഷിക മേഖലയിലും മരുഭൂമികളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ഉണർത്തി.
തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്ന്, ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.പ്രദേശത്ത് അതിശൈത്യ തരംഗങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കാലാവസ്ഥാ പ്രതിഭാസം ഉണ്ടാകുന്നത്. സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ,ഇറാഖ്,ജോർഡൻ,സിറിയ,ലെബനാൻ എന്നിവയുടെ ചില ഭാഗങ്ങൾക്കൊപ്പം കുവൈത്തിനെയും ഈ ആഴ്ച തണുപ്പ് സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

