ചൂട് 65 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്ത് ചൂട് 65 ഡിഗ്രിയോളം ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ കുവൈത്ത് കാലാവസ്ഥ കേന്ദ്രത്തിലെ പ്രമുഖ നിരീക്ഷകൻ ഈസ റമദാൻ ആണ് ഇക്കാര്യം അറിയിച്ചത്. സൂര്യതാപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളം കുടിക്കണമെന്നും ഈസ റമദാൻ ആവശ്യപ്പെട്ടു.
ഇൗ വർഷത്തെ ഏറ്റവും കൂടിയ ചൂട് വെള്ളിയാഴ്ച രേഖപ്പെടുത്തി. 51 ഡിഗ്രിയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഔദ്യോഗികമായി തന്നെ രാജ്യത്ത് ശനിയാഴ്ച 51 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റമദാനിെൻറ തുടക്കത്തിൽ 45 ഡിഗ്രി സെൽഷ്യസിൽ താഴെ ആയിരുന്ന അന്തരീക്ഷ ഈഷ്മാവാണ് ഇപ്പോൾ 50ൽ തൊട്ടിരിക്കുന്നത്.
വേനൽകാലത്ത് പുറംജോലിക്ക് സർക്കാർ വിലക്കേർപ്പെടുത്തിയതാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലിചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
