ബഹിഷ്കരണമില്ല: പ്രതിപക്ഷാംഗങ്ങള്‍ പത്രികാസമര്‍പ്പണം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ബഹിഷ്കരണ നിലപാട് സ്വീകരിച്ച പ്രതിപക്ഷ-ഇസ്ലാമിസ്റ്റ് കക്ഷികളിലെ അംഗങ്ങള്‍ അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചുതുടങ്ങി.
നീണ്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാന്‍ തീരുമാനിച്ചത്. പത്രികാ സമര്‍പ്പണം തുടങ്ങി നാലാം ദിവസമാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കാര്യാലയത്തിലത്തെിയത്. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളായ ഡോ. വലീദ് അല്‍ തബ്തബാഇ, മുഹമ്മദ് ഹായിഫ് അല്‍ മുതൈരി, ഉസാമ അല്‍ മുനാവിര്‍, മുഹമ്മദ് അല്‍ ദലാല്‍, നായിഫ് അല്‍ മുര്‍ദാസ്, ഉസാമ അല്‍ ഷാഹീന്‍, ഹുസൈന്‍ അല്‍ ഖവീആന്‍ എന്നിവരാണ് ഞായറാഴ്ച പത്രിക സമര്‍പ്പിച്ചത്. നാലാം മണ്ഡലത്തില്‍നിന്ന് പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ പ്രസ്താവനയില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ ബഹിഷ്കരണ നിലപാടും ഇപ്പോള്‍ മത്സരിക്കാന്‍ തീരുമാനിച്ചതും രാജ്യത്തിന്‍െറയും രാജ്യ നിവാസികളുടെയും പൊതുനന്മ കണക്കിലെടുത്ത് മാത്രമാണെന്ന് മുഹമ്മദ് ഹായിഫ് അല്‍ മുതൈരി പറഞ്ഞു. അല്ലാഹുവില്‍നിന്നോ പ്രവാചകനില്‍നിന്നോ നേരിട്ടുണ്ടായ തീരുമാനമായിരുന്നില്ല ബഹിഷ്കരണ നിലാപാടെന്നും അതുകൊണ്ടുതന്നെ പൊതുനന്മ കണക്കിലെടുത്ത് അതില്‍നിന്ന് പിന്മാറുന്നതിന് വിരോധമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് പാര്‍ലമെന്‍റുകളും വിവിധ തീരുമാനങ്ങളിലൂടെ സ്വദേശികളുടെ ന്യായമായ പല അവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ചെയ്തത്. ഇത് തിരിച്ചുപിടിക്കാനാണ് തങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതെന്ന് മൂന്നാം മണ്ഡലത്തില്‍നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഡോ. വലീദ് അല്‍ തബ്തബാഈ പറഞ്ഞു.
പെട്രോള്‍ വില വര്‍ധന, റേഷന്‍ സബ്സിഡിയില്‍ കുറവുവരുത്തല്‍, വൈദ്യുതിനിരക്ക് കൂട്ടല്‍ ഉള്‍പ്പെടെ സാധാരണക്കാരായ സ്വദേശിയെ നേരിട്ട് ബാധിക്കുന്ന നിരവധി നിയമങ്ങളാണ് കഴിഞ്ഞ പാര്‍ലമെന്‍റിലുണ്ടായത്. ഇത്തരം നിയമങ്ങളില്‍ തിരുത്തലുകള്‍ വരുത്തുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് നാലാം മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന ഉസാമ അല്‍ മുനാവിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
