ഗാർഹിക തൊഴിലാളി ക്ഷാമം :  കൂടുതൽ രാജ്യങ്ങളിൽനിന്ന്​ എത്തിക്കാൻ ശ്രമം

  • കെനിയ, സിയറ ലിയോൺ, ഗിനി, ബംഗ്ലാദേശ്​ തുടങ്ങിയവ പരിഗണിക്കുന്നു

08:59 AM
09/02/2020

കുവൈത്ത്​ സിറ്റി: ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടാൻ കൂടുതൽ രാജ്യങ്ങളിൽനിന്ന്​ തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത്​ ശ്രമം തുടങ്ങി. കെനിയ, സിയറ ലിയോൺ, ഗിനി, ബംഗ്ലാദേശ്​ തുടങ്ങിയ രാജ്യങ്ങളെയാണ്​ പുതുതായി പരിഗണിക്കുന്നത്​. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്​നാം എന്നിവിടങ്ങളിൽനിന്ന്​ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ മാൻപവർ അതോറിറ്റി നടപടികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ്​ കൂടുതൽ രാജ്യങ്ങളുമായി ചർച്ചക്ക്​ തുടക്കമിട്ടത്​.

എറിത്രിയയിൽനിന്ന്​ കഴിഞ്ഞ നവംബർ മുതൽ കുവൈത്തി​ലേക്ക്​ തൊഴിലാളികൾ വരുന്നുണ്ടെന്ന്​ മന്ത്രി മറിയം അഖീൽ വ്യക്​തമാക്കി. റിക്രൂട്ട്​മ​െൻറുമായി ബന്ധപ്പെട്ട്​ ഇത്യോപ്യയുമായി ഏകദേശധാരണയായിട്ടുണ്ട്​. കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ ഇരു കക്ഷികളുടെയും അവകാശം, കടമകള്‍, ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുന്ന തരത്തിൽ 90 ശതമാനം വ്യവസ്ഥകളിലും ധാരണയായിട്ടുണ്ട്​. 

ഫിലിപ്പീൻസ്​ കുവൈത്തിലേക്ക്​ ഗാർഹി​ക തൊഴിലാളികളെ അയക്കുന്നത്​ വിലക്കിയതോടെയാണ്​ പ്രതിസന്ധി രൂക്ഷമായത്​. റിക്രൂട്ട്​മ​െൻറിനായി ഫിലിപ്പീൻസിനെ കൂടുതലായി ആശ്രയിക്കുന്നത്​ അവസാനിപ്പിക്കാനാണ്​ കുവൈത്ത്​ തയാറെടുക്കുന്നത്​. അതിനിടെ, കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ നിയമ പരിഷ്​കാരം ഉടന്‍ ഉണ്ടാവുമെന്ന്​ മാൻപവർ പബ്ലിക്​ അതോറിറ്റി വൃത്തങ്ങൾ നൽകുന്ന സൂചന. കുവൈത്തിൽ ഫിലിപ്പീനി ഗാർഹിക ​തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചയായതിന്​ പിറകെയാണ്​ നിയമപരിഷ്​കാരത്തെ കുറിച്ച്​ മാൻപവർ അതോറിറ്റി സൂചന നൽകിയത്​. 

ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ എടുക്കും. 

Loading...
COMMENTS