മന്ത്രിതല സമിതി യോഗം ചേർന്നു; കുവൈത്ത്- ചൈന കരാർ: പദ്ധതികൾ വേഗത്തിലാക്കും
text_fieldsകുവൈത്ത്- ചൈന കരാർ പദ്ധതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ശൈഖ് അഹ്മദ്
അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: കുവൈത്തും ചൈനയും ഒപ്പുെവച്ച കരാറുകളും ധാരണാപത്രങ്ങളും (എം.ഒ.യു) നടപ്പാക്കലും തുടർപ്രവർത്തനവും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ വിലയിരുത്തി.
ബയാൻ പാലസിൽ നടന്ന യോഗത്തിൽ കരാറുകളുടെ പുരോഗതി, സംഭവവികാസങ്ങൾ, റിപ്പോർട്ടുകൾ എന്നിവ അവലോകനം ചെയ്തു. പദ്ധതികൾ പൂർണമായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി കമ്മിറ്റി അംഗങ്ങളോട് നിർദേശിച്ചു.
ചൈനീസ് കമ്പനികളുമായി തുടർച്ചയായ ഏകോപനത്തിന്റെയും ആശയവിനിമയത്തിന്റെയും അനിവാര്യതയും സൂചിപ്പിച്ചു. പ്രധാന വികസന പദ്ധതികൾക്കായി നിശ്ചയിച്ച സമയക്രമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂർത്തീകരണ സമയക്രമം വേഗത്തിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി.
പരിസ്ഥിതി സംരക്ഷണ പദ്ധതികൾ വിപുലീകരിക്കുന്നതിനും മരുഭൂമീകരണം ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ആരംഭത്തിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്. ചൈനീസ് കമ്പനി നടപ്പിലാക്കുന്ന മലിനജല സംസ്കരണ പദ്ധതിയുടെ നടത്തിപ്പിലെ പുരോഗതി, അബ്ദാലി, ഷഖായ എന്നിവിടങ്ങളിലെ പുനരുപയോഗ ഊർജ പദ്ധതികളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ എന്നിവ കമ്മിറ്റി അവലോകനം ചെയ്തു.
മുബാറക് അൽ കബീർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത മാസം സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും ചർച്ച ചെയ്തു. പദ്ധതികളുടെ നടത്തിപ്പ്, തുടർനടപടികൾ എന്നിവയിൽ ഏകോപനം തുടരുകയാണെന്ന് ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമിഹ് ജവഹർ ഹയാത്ത് യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

