രാജ്യങ്ങൾക്കിടയിൽ ഏകോപനത്തിന് ആഹ്വാനംചെയ്ത് കുവൈത്ത്
text_fieldsജി.സി.സി-മധ്യേഷ്യൻ രാജ്യങ്ങളുടെ യോഗത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ
അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകോപനം, സംയുക്ത പ്രവർത്തനം എന്നിവയുടെ പ്രാധാന്യം ഉണർത്തി കുവൈത്ത്. ജിദ്ദയിൽ നടന്ന ജി.സി.സി-മധ്യേഷ്യൻ രാജ്യങ്ങളുടെയും യോഗത്തിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇതിനായി ആഹ്വാനം ചെയ്തു.
മേഖലയെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളെ നേരിടാനും സുരക്ഷ, സ്ഥിരത, വികസനം എന്നിവ ദൃഢമാക്കുന്നതിനും ജി.സി.സി രാജ്യങ്ങളും മധ്യേഷ്യയിലെ രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും കൂടുതൽ സഹകരണം തുടരുന്നതിനും സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനും അഭിവൃദ്ധി കൈവരിക്കുന്നതിനും തുടർച്ചയായ കൂടിയാലോചനയുടെ പ്രാധാന്യവും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
വിവിധ ഇസ്ലാമിക, അറബ്, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ മധ്യേഷ്യൻ രാജ്യങ്ങളുടെ നിലപാടുകളെ കിരീടാവകാശി പ്രശംസിച്ചു. സൗദി സൽമാൻ രാജാവിനും, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, സൗദി ഭരണകൂടം, ജനങ്ങൾ എന്നിവർക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി അറിയിച്ചു. ജി.സി.സി-മധ്യേഷ്യൻ രാജ്യങ്ങളുടെയും യോഗത്തിനെത്തിയ വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി.

