കുവൈത്ത്: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഏപ്രിൽ നാലിന്
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് ഏപ്രിൽ നാലിന്. ഇതു സംബന്ധിച്ച തീരുമാനത്തിന് ചൊവ്വാഴ്ച ചേർന്ന മന്ത്രിമാരുടെ കൗൺസിൽ യോഗം അംഗീകാരം നൽകിയതായി യോഗ ശേഷം സർക്കാർ വക്താവ് അമീർ അൽ അജ്മി അറിയിച്ചു.
ഈ മാസം 15നാണ് അമീർ ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടനാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദേശീയ അസംബ്ലി പിരിച്ചുവിട്ടാൽ രണ്ടു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. ഇതു പ്രകാരമാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനും ജനങ്ങൾക്ക് എളുപ്പത്തിലും സുഗമമായും വോട്ടിങ് നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും വൈകാതെ പൂർത്തിയാക്കും.
രാജ്യത്തെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 പേർ എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. കഴിഞ്ഞ ജൂൺ ആറിനാണ് രാജ്യത്ത് അവസാന തെരഞ്ഞെടുപ്പ് നടന്നത്. നാലുവർഷം കാലാവധിയുള്ള ദേശീയ അസംബ്ലി ഒരു വർഷം തികയും മുമ്പാണ് പിരിച്ചുവിട്ടത്.
2022 സെപ്റ്റംബർ 29ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും 2023 മാർച്ചിൽ ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
2020ലെ ദേശീയ അസംബ്ലി കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഏപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ട് അടുത്ത തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.

