യൂറോപ്യൻ വിസക്ക് വ്യാജരേഖ: തട്ടിപ്പ് സംഘം പിടിയിൽ
text_fieldsപിടിയിലായ സംഘം
കുവൈത്ത് സിറ്റി: വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസക്ക് വ്യാജ രേഖകൾ നിർമിച്ചുനൽകുന്ന സംഘം പിടിയിൽ. സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി അഫയേഴ്സ് സെക്ടറിന്റെ നേതൃത്വത്തിലുള്ള ജനറൽ ഡിപാർട്ട്മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷനാണ് പ്രതികളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകരെ സഹായിക്കാൻ കൃത്രിമമായി രേഖകൾ നിർമിച്ചുവരികയായിരുന്നു സംഘം. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ വിസക്ക് ആവശ്യമായ ജോലിയുടെ പേരുകൾ മാറ്റൽ, വ്യാജ വിവരങ്ങൾ നിർമിക്കൽ, വർക്ക് പെർമിറ്റുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, മറ്റു രേഖകൾ എന്നിവയിൽ കൃത്രിമം കാണിക്കൽ ഉൾപ്പെടെ പ്രതികൾ നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്തി.
വിദേശത്തുനിന്ന് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കുവൈത്തിൽ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഒരു ഈജിപ്ത് പൗരനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കുവൈത്തിൽ നടത്തിയ പരിശോധനയിൽ സംഘത്തിലെ മറ്റു അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ഉപകരണങ്ങളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി ഈജിപ്തുമായി എകോപനവും നടന്നുവരുന്നു.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

