സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്ത് കുവൈത്ത്-ബഹ്റൈൻ മന്ത്രിമാർ
text_fieldsഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ബഹ്റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് ബഹ്റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി സുരക്ഷാ വിഷയങ്ങൾ, സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. ബഹ്റൈൻ ആഭ്യന്തര മന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ബഹ്റൈൻ ആഭ്യന്തര മന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത ശൈഖ് ഫഹദ് യൂസുഫ്, സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിലും ഏകോപനത്തിലും ബഹ്റൈൻ മന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ബദൽ ശിക്ഷകൾ, തുറന്ന ജയിലുകൾ എന്നിവയിലെ ബഹ്റൈൻ അനുഭവം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കൽ, പരിഷ്കരണം, പുനരധിവാസ ആശയങ്ങൾ മെച്ചപ്പെടുത്തുന്നതിലുമുള്ള ഫലങ്ങൾ എന്നിവ ഇരുവരും ചർച്ചചെയ്തു. സമൂഹ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നൽകുന്ന മറ്റു സംയുക്ത വിഷയങ്ങളും ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹീബ്, പൊതു സുരക്ഷാ കാര്യങ്ങളുടെ ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, മറ്റു സുരക്ഷാ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

