കുവൈത്ത്: സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്സ് താമസം; കര്‍ശന നടപടിയെടുക്കും
text_fieldsകുവൈത്ത് സിറ്റി: സ്വദേശി പാർപ്പിട മേഖലയിൽ പ്രവാസി ബാച്ചിലേഴ്സിന്റെ താമസത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കരട് നിർദേശം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചു. വിഷയത്തിൽ കൂടുതൽ ശക്തമായ നിയമനിർമാണം ഉണ്ടാകുമെന്നാണ് സൂചന.
മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ഷൂലയാണ് കരട് നിയമം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നിയമത്തിന് ഫത്വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെന്റ് അംഗീകാരം നല്‍കിയിരുന്നു. നിർദിഷ്ട നിയമ പ്രകാരം പ്രവാസി ബാച്ചിലർമാര്‍ക്ക് ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിങ് ഏരിയകളിൽ മുറി വാടകക്കെടുക്കാനാകില്ല.
നിയമം ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരെയും കെട്ടിട ഉടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും നിയമത്തില്‍ നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ചുരുങ്ങിയത് ആയിരം ദീനാർ മുതൽ അയ്യായിരം ദീനാർ വരെ പിഴ ചുമത്താനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമം നടപ്പാകുന്നതോടെ രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളിൽനിന്നും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികള്‍ പൂർണമായും ഒഴിയേണ്ടി വരും. പ്രാദേശിക ചട്ടങ്ങൾ പ്രകാരം നിലവിൽ സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്സ് താമസത്തിന് നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

