ലെബനാൻ പ്രതിനിധിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ലെബനാൻ പ്രതിനിധിയോടു 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി കുവൈത്ത്. ലെബനാനിലെ കുവൈത്ത് അംബാസഡറെ കൂടിയാലോചനകൾക്കായി വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചതായും കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദിയെയും യു.എ.ഇയെയും കുറിച്ച് ലെബനാൻ ഇൻഫർമേഷൻ മന്ത്രി നടത്തിയ പരാമർശങ്ങളെ അപലപിക്കുന്നതിൽ ലെബനാൻ ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കുവൈത്തിെൻറ നടപടി. രണ്ടു സഹോദര രാജ്യങ്ങൾക്കും എതിരെയുള്ള ആരോപണങ്ങൾ യാഥാർഥ്യങ്ങൾക്ക് വിരുദ്ധവും യമനിലെ നിയമാനുസൃത സർക്കാറിനെ പിന്തുണക്കുന്നതിൽ സൗദിയുടെയും യു.എ.ഇയുടെയും അറബ് സഖ്യത്തിെൻറയും നിർണായക പങ്കിനെ വിസ്മരിച്ചുള്ളതാണെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുവൈത്തിലെ ലെബനീസ് ചാർജ് ഡി അഫയർ ഹാദി ഹാഷിമിനെ വിളിച്ചുവരുത്തി വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇപ്പോൾ ചാർജ് ഡി അഫയർ 48 മണിക്കൂറിനുള്ളിൽ കുവൈത്ത് വിടണമെന്ന് നിർദേശം നൽകിയത്. ലബനാനിലെ കുവൈത്ത് അംബാസഡറെ കൂടിയാലോചനകൾക്കായി തിരിച്ചു വിളിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കുവൈത്തിലേക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വർധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ലെബനാൻ സർക്കാർ പരാജയപ്പെട്ടതായും മന്ത്രാലയം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
