ജി.സി.സി ഏകീകൃത എക്സൈസ് നികുതി കരാറിന് കുവൈത്ത് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങൾക്കിടയിലെ നികുതി നിയമങ്ങൾ ഏകീകരിക്കുന്നതിനുള്ള കരാറിന് കുവൈത്ത് അംഗീകാരം നൽകി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം.
2016ൽ റിയാദിൽ ഒപ്പിട്ട ഏകീകൃത എക്സൈസ് നികുതി കരാറിനും 2025ലെ ഭേദഗതിക്കുമാണ് അംഗീകാരം നൽകിയത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഉൽപന്നങ്ങൾക്കും ആഡംബര ഉൽപന്നങ്ങൾക്കും നികുതി ചുമത്തുന്നതിനുള്ള പൊതുവായ ചട്ടക്കൂടുകൾ കരാറിലുണ്ട്. നികുതി നിരക്ക്, നികുതി അടക്കേണ്ട സമയം, നികുതി ഇളവുകൾ തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നികുതിദായകരുടെ രജിസ്ട്രേഷൻ, നികുതി റിട്ടേൺ സമർപ്പിക്കൽ, രേഖകൾ സൂക്ഷിക്കൽ എന്നിവക്കും പൊതുവായ വ്യവസ്ഥകളുണ്ട്.
നികുതി അടക്കൽ, പരിശോധന, നികുതി വെട്ടിപ്പ് കണ്ടെത്തൽ, നിയമലംഘനങ്ങൾക്കുള്ള പിഴ എന്നിവയും കരാർ വിശദീകരിക്കുന്നു. അംഗരാജ്യങ്ങളിലെ നികുതി അധികൃതർ തമ്മിലുള്ള വിവര കൈമാറ്റത്തിനും സഹകരണത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്. കൈമാറുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കരാർ നിർദേശിക്കുന്നു. നികുതി സംബന്ധമായ പരാതികൾക്കും അപ്പീലുകൾക്കും അംഗരാജ്യങ്ങളിലെ കോടതികളെ സമീപിക്കാനുള്ള വ്യവസ്ഥയും ഉണ്ട്.
ജി.സി.സി രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക ഏകീകരണം ശക്തിപ്പെടുത്താനും നികുതി നടപടികളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാനും പുതിയ ചട്ടക്കൂട് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

