കുവൈത്തും ഉസ്ബകിസ്താനും സഹകരണം മെച്ചപ്പെടുത്തുന്നു
text_fieldsകുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ഉസ്ബക് വിദേശകാര്യമന്ത്രി
ബഖ്തിയാർ സെയ്ദോവും കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും ഉസ്ബകിസ്താനും നയതന്ത്ര സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം സംബന്ധിച്ച പുതിയ കരാറിൽ ഒപ്പുവെച്ചു. ഉസ്ബക് വിദേശകാര്യമന്ത്രി ബഖ്തിയാർ സെയ്ദോവിന്റെ കുവൈത്ത് സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, വിദേശകാര്യ ഉപമന്ത്രി അംബാസഡർ ശൈഖ് ജറാഹ് ജാബിർ അസ്സബാഹ് എന്നിവർ ബഖ്തിയാർ സെയ്ദോവുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും ഉസ്ബകും തമ്മിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, പൊതുവായ ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉസ്ബകിസ്താൻ പ്രതിനിധി സംഘവും കുവൈത്ത് വിദേശകാര്യമന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയുടെ ഭാഗമായി.

