ട്രാഫിക് ലംഘന വിവരങ്ങൾ പങ്കുവെച്ച് കുവൈത്തും ഖത്തറും
text_fieldsകുവൈത്ത് -ഖത്തർ ആഭ്യന്തര മന്ത്രാലയം അധികൃതർ യോഗത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലും ഖത്തറിലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾ അതിർത്തി കടന്നാലും ഇനി രക്ഷപ്പെടില്ല. റോഡിലെ നിയമലംഘനങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറുന്ന നടപടികൾക്ക് ഇരുരാജ്യങ്ങളും തുടക്കംകുറിച്ചു. ഇനി ഖത്തറിൽ നടത്തുന്ന നിയമലംഘനങ്ങളുടെ വിവരങ്ങൾ കുവൈത്ത് അധികൃതർക്കും കുവൈത്തിൽ നിയമലംഘനം നടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ ഖത്തർ അധികൃതർക്കും പങ്കുവെക്കും.
ജൂൺ 13 മുതൽ വിവരങ്ങൾ പങ്കുവെക്കുന്ന പദ്ധതി പ്രാബല്യത്തിൽവന്നതായി അധികൃതർ അറിയിച്ചു. ലംഘനവിവരങ്ങൾ രാജ്യങ്ങൾ തമ്മിൽ പങ്കുവെക്കുന്നതോടെ പിഴ ഓൺലൈൻ വഴി ചുമത്താനും കഴിയും.നിലവിൽ ഏതെങ്കിലുമൊരു ജി.സി.സി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ പിഴ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു.
പുതിയ കരാര്‍ വരുന്നതോടെ ഇരു രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ വാഹനം രജിസ്റ്റര്‍ ചെയ്ത രാജ്യത്ത് നിന്ന് പിഴ ഈടാക്കാം. ഫെബ്രുവരിയിൽ കുവൈത്ത് യു.എ.ഇയുമായും ഏകീകൃത സംവിധാനം നടപ്പില്‍ വരുത്താനുള്ള കരാറില്‍ ഒപ്പ് വെച്ചിരുന്നു.
നിയമം വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിയമം ലംഘിച്ച് അടുത്ത രാജ്യത്തേക്ക് കടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. പിഴ ചുമത്തിയതില്‍ അപാകത ഉണ്ടെങ്കില്‍ ഉമടകള്‍ക്ക് അത് ബോധിപ്പിക്കാനും സംവിധാനമുണ്ടാവും.ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗത്തിനു പിന്നാലെയാണ് ‘ട്രാഫിക് വയലേഷൻ ഡേറ്റ ഷെയറിങ്’ നിലവിൽവന്നത്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും അപകടങ്ങൾ കുറച്ച് റോഡ് ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിനുംവേണ്ടിയാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് ഇരുപക്ഷവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ദോഹയിൽ നടന്ന യോഗത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ട്രേറ്റ് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സിസ്റ്റം ഡെവലപ്മെൻറ് ഡയറക്ടർ ലഫ്. കേണൽ അബ്ദുൽ അസീസ് അൽ അസ്മർ അൽ റുവൈലിയും കുവൈത്ത് ജനറൽ ഡയറക്ട്രേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഉസാമ അൽ വാഹിബും പങ്കെടുത്തു.
ഇരു മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായി. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ട്രാഫിക് വയലേഷൻ ഡേറ്റ പങ്കുവെച്ച് പിഴ ഈടാക്കൽ ഏകോപിപ്പിക്കുന്നത് ഗൾഫ് സഹകരണ കൗൺസിൽ പദ്ധതി തയാറാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഓരോ രാജ്യവും ഇതുസംബന്ധിച്ച് ധാരണയിലെത്തി നടപ്പാക്കിത്തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

