കുവൈത്തിലേക്ക് ലഹരി ഗുളികകൾ കടത്താൻ ശ്രമം; പിടികൂടിയത് 75,000 ഗുളികകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെയും ഖത്തറിന്റെയും സഹകരണത്തിൽ വൻതോതിലുള്ള കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഖത്തറിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കൺട്രോളുമായി സഹകരിച്ച് നടത്തിയ നീക്കത്തിലാണ് സൈക്കോട്രോപിക് മരുന്നുകളുടെ (ക്യാപ്റ്റഗൺ) വൻതോതിലുള്ള കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.
ഏകദേശം 75,000 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു. പ്രതിയെ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറി.
യൂറോപ്യൻ രാജ്യത്ത്നിന്ന് ഗൾഫ് മേഖലയിലേക്ക് വലിയ അളവിൽ കാപ്റ്റഗൺ കള്ളക്കടത്ത് നടത്തുന്ന ക്രിമിനൽ ശൃംഖലയെ കുറിച്ച് ലഭിച്ച രഹസ്യ വിവരങ്ങളിൽ നിന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
കുവൈത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കാനായിരുന്നു ശ്രമം. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിമാനമാർഗം കള്ളക്കടത്ത് നടത്താനാണ് ശ്രമമെന്ന് വ്യക്തമായി. തുടർന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും സെർച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പുമായി ഏകോപിച്ച് വസ്തു സ്വീകരിക്കാൻ എത്തിയ സിറിയൻ പൗരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ പ്രവർത്തനത്തിൽ ഖത്തർ സുരക്ഷാ അധികാരികൾ വഹിച്ച ഫലപ്രദമായ പങ്കിനെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സുരക്ഷ സഹകരണത്തെയും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

