ഇ.പി.സി കരാറിൽ കുവൈത്തും ചൈനയും ഒപ്പുവെച്ചു
text_fieldsമുബാറക് അൽ കബീർ തുറമുഖം ഇ.പി.സി ഒപ്പുവെക്കൽ ചടങ്ങിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാനും
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മുബാറക് അൽ കബീർ തുറമുഖ പദ്ധതി നടപ്പeക്കുന്നതിനുള്ള എൻജിനീയറിങ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ (ഇ.പി.സി) കരാറിൽ കുവൈത്തും ചൈനയും ഒപ്പുവെച്ചു.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാനും ചൈന കമ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനി വൈസ് ചെയർമാൻ ചെൻ സോങ്ങുമാണ് കരാറിൽ ഒപ്പുവെച്ചത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലുമായിരുന്നു ഒപ്പുവെക്കൽ. കുവൈത്തിന്റെ സാമ്പത്തിക വികസനത്തിന്റെ തന്ത്രപ്രധാനമായ സ്തംഭങ്ങളിലൊന്നാണ് തുറമുഖമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇത് പ്രാദേശിക, അന്തർദേശീയ വ്യാപാരത്തിലും ആഗോള വിതരണ ശൃംഖലയിലും രാജ്യത്തിന്റെ പങ്ക് വർധിപ്പിക്കും. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ദേശീയ വരുമാനം വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ലോജിസ്റ്റിക്സ്, വാണിജ്യ, സേവന മേഖലകളെ ശക്തിപ്പെടുത്തുക എന്നിവയിലൂടെ ‘ന്യൂ കുവൈത്ത്- 2035’ വിഷൻ ലക്ഷ്യങ്ങളെ ഈ പദ്ധതി പിന്തുണക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമുദ്ര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും കുവൈത്തിലെ തുറമുഖങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും സംഭാവന നൽകുന്ന പ്രധാന സാമ്പത്തിക, ലോജിസ്റ്റിക്സ് കേന്ദ്രമാണ് മുബാറക് അൽ കബീർ തുറമുഖമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ചൈനീസ് ആക്ടിങ് ചാർജ് ഡി അഫയേഴ്സ് ലീ സിയാങ് പറഞ്ഞു.
ദേശീയ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും തന്ത്രപരമായ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുമുള്ള കുവൈത്തിന്റെ താൽപര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നതായും സൂചിപ്പിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷരീദ അൽ മൗഷർജി, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് ദഖീൽ അൽ ദഖീൽ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുവൈത്തിന്റെ വടക്കൻ തീരത്ത് ബുബിയാൻ ദ്വീപിൽ ഇറാഖ് അതിർത്തിക്കടുത്താണ് തുറമുഖ നിർമാണം. 100 കോടി ദീനാറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
വിപുലവും അത്യാധുനികവുമായ സൗകര്യങ്ങളോടെയാണ് തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്. പ്രവർത്തനം തുടങ്ങുന്നതോടെ ഇതുവഴിയുള്ള സമുദ്ര ചരക്കുനീക്കത്തിന്റെ ഇടത്താവളമായി മുബാറക് അൽ കബീർ തുറമുഖം മാറുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

