കുവൈത്തും കാനഡയും പങ്കാളിത്തവും ബന്ധങ്ങളും വർധിപ്പിക്കും
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, കനേഡിയൻ മന്ത്രി ഹർഗിത് സാഗനൊപ്പം
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, കനേഡിയൻ രാജ്യാന്തര വികസന മന്ത്രി ഹർഗിത് സാഗനും പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും സജീവമാക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഉഭയകക്ഷി ഏകോപനവും ചർച്ചയിൽ വന്നു.
കുവൈത്തും കാനഡയും തമ്മിലുള്ള എല്ലാ തലങ്ങളിലുമുള്ള സഹകരണത്തെ കുവൈത്ത് മന്ത്രി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിൽ വേരൂന്നിയ സഹകരണം തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാഗൻ പറഞ്ഞു.
കുവൈത്തിന്റെ ലക്ഷ്യത്തെയും സന്തുലിതമായ വിദേശനയത്തെയും, മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കുവൈത്തിന്റെ പ്രയത്നങ്ങൾ, മാനുഷിക പദ്ധതികൾ, വികസനത്തിനും ലോകമെമ്പാടുമുള്ള ജനങ്ങൾക്കുമുള്ള പിന്തുണ എന്നിവ സാഗൻ എടുത്തുപറഞ്ഞു. അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടും കാനഡയുടെ വിദേശകാര്യ, വ്യാപാര, വികസന വകുപ്പും (ഡി.എഫ്.എ.ടി.ഡി) തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണപത്രത്തിൽ (എം.ഒ.യു) ഇരുപക്ഷവും ഒപ്പുെവച്ചു.
വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക വികസനത്തിന് ധനസഹായം നൽകുന്നതിനുള്ളതാണിത്. മാനുഷിക പ്രതിസന്ധി, പ്രകൃതിദുരന്തങ്ങൾ എന്നീ സമയങ്ങളിലുള്ള ഉഭയകക്ഷി ഏകോപനം, സാങ്കേതിക വൈദഗ്ധ്യം, വിവരങ്ങൾ പങ്കിടൽ എന്നിവ സംബന്ധിച്ചും ഇരുപക്ഷവും ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

