കുവൈത്ത് അമീർ അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച ബുധനാഴ്ച
text_fieldsകുവൈത്ത് സിറ്റി: അമേരിക്ക- കുവൈത്ത് ഉച്ചകോടിക്കായി അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് വാഷിങ്ടണിലെത്തി. ബുധനാഴ്ച വൈറ്റ് ഹൗസിലാണ് അമീറും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. അറബ് മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന അമേരിക്കയും കുവൈത്തും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളും ഉച്ചകോടിയിലുണ്ടാകും. സുരക്ഷക്കൊപ്പംതന്നെ വാണിജ്യ വ്യാപാരമേഖലകളിൽ രണ്ട് രാജ്യങ്ങളും പങ്കാളിത്തം വർധിപ്പിക്കുന്നത് ചർച്ചചെയ്യും.
സിറിയ, യമൻ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ വിഷയങ്ങളും ഭീകരവിരുദ്ധ പോരാട്ടവും അമീർ ശൈഖ് സബാഹ്- ഡോണൾഡ് ട്രംപ് ചർച്ചയിൽ ഉൾപ്പെടുമെന്നാണ് സൂചന. ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമവും അമേരിക്ക- കുവൈത്ത് ഉച്ചകോടിയിലുണ്ടായേക്കും. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ അമീർ ശൈഖ് സബാഹ് മാധ്യസ്ഥം വഹിച്ചിരുന്നു. ആഭ്യന്തര സംഘർഷവും യുദ്ധവുംമൂലം ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് സഹായമെത്തിക്കാനുള്ള മൂന്ന് ഉച്ചകോടികൾക്ക് ആതിഥ്യംവഹിച്ചത് കുവൈത്തായിരുന്നു. ഏതാനും മാസങ്ങൾക്കിടയിൽ ഇറാഖിൽ വൈദ്യുതിപ്രതിസന്ധി ഉണ്ടായേപ്പാൾ ജനറേറ്ററുകൾ നൽകി സഹായത്തിനെത്തിയതും കുവൈത്തായിരുന്നു.
അറബ് മേഖലയിലെ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന കുവൈത്ത് െഎക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ താൽക്കാലിക അംഗമാണ്. ഇൗ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിലെ വിവിധ സംഭവ വികാസങ്ങളും ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമീർ ശൈഖ് സബാഹ്- ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയെ ഇരുരാജ്യങ്ങൾ മാത്രമല്ല, അറബ് ലോകം കൂടിയാണ് പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. അമീർ ശൈഖ് സബാഹുമായി വ്യാപാരം, വാണിജ്യം, നിക്ഷേപം, സുരക്ഷ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചചെയ്യുമെന്ന് വൈറ്റ് ഹൗസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾക്കായി വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് നേരത്തേതന്നെ അമേരിക്കയിലെത്തിയിരുന്നു. അമേരിക്കയിലെ വസതിയിലെത്തി അമീർ ശൈഖ് സബാഹിനെ കുവൈത്ത് നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
