കുവൈത്ത് എയർവേസിന് സാങ്കേതിക തകരാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിപ്പീൻസിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ സാങ്കേതിക തകരാർ. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തിൽ യാത്രയാക്കി. വെള്ളിയാഴ്ച പുലർച്ചെ 4.24ന് 284 യാത്രക്കാരുമായി പുറപ്പെടാനിരുന്ന കുവൈത്ത് എയർവേസ് വിമാനത്തിലാണ് പ്രശ്നം കണ്ടെത്തിയത്.
പറന്നുയരുന്നതിന് മുമ്പ് ചെറിയൊരു അപകടം സംഭവിച്ചുവെന്നും ആർക്കും പരിക്കില്ലെന്നും കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. പറന്നുയർന്ന വിമാനത്തിന് ടാർമാക്കിൽ നീക്കുന്നതിനിടെ ബ്രേക്കിങ് സിസ്റ്റത്തിൽ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നുവെന്ന് അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.
വിമാനത്തിന്റെ ഫ്യൂസ് ലേജിലാണ് കേടുപാടുകൾ സംഭവിച്ചത്. സാങ്കേതിക സംഘങ്ങൾ ഉടൻ പ്രശ്നം കൈകാര്യം ചെയ്ത് സുരക്ഷിതമാക്കി. പ്രവർത്തന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക പരിശോധനകളും നടത്തി. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് അബ്ദുല്ല അൽ രാജ്ഹി അറിയിച്ചു.
പകരം ഒരു വിമാനം ക്രമീകരിച്ച് ഉച്ചക്ക് യാത്രക്കാർ 12.20ന് പുറപ്പെട്ടു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷക്ക് അതോറിറ്റിയും കുവൈത്ത് എയർവേസും മുൻഗണന നൽകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അബ്ദുല്ല അൽ രാജ്ഹി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

