വിവിധ മേഖലകളിലെ സഹകരണം; കുവൈത്ത് എയർവേസും എസ്.ടി.സിയും കരാർ ഒപ്പുവെച്ചു
text_fieldsകുവൈത്ത് എയർവേസ്- എസ്.ടി.സി ഉദ്യോഗസ്ഥർ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ
കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈത്ത് എയർവേസും കുവൈത്ത് ടെലികമ്യൂണിക്കേഷൻസ് കമ്പനിയും (എസ്.ടി.സി) കരാറിൽ ഒപ്പുവെച്ചു. സാങ്കേതിക വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഡിജിറ്റൽ സംവിധാനങ്ങളുടെ വികസനത്തിനും നൂതന ആശയവിനിമയ പരിഹാരങ്ങൾക്കും കരാർ വ്യവസ്ഥ ചെയ്യുന്നു.
പൊതു, സ്വകാര്യ മേഖലകളുമായുള്ള ഉഭയകക്ഷി പങ്കാളിത്തം വികസിപ്പിക്കുന്നതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാക്കുക എന്ന ദേശീയ വിമാനക്കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ അബ്ദുൽ മൊഹ്സെൻ അൽ ഫഗാൻ പറഞ്ഞു. സാങ്കേതികവിദ്യ, വ്യോമഗതാഗതം, ടെലികമ്യൂണിക്കേഷൻസ്, വിവരസാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നിവ ഉൾപ്പെടുന്ന പുതിയ ചക്രവാളങ്ങളിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുള്ള ചുവടുവെപ്പാണെന്ന് എസ്.ടി.സി ചീഫ് എക്സിക്യൂട്ടിവ് ചെയർമാൻ മുആത്തിസ് അൽ ദറബ് വിശേഷിപ്പിച്ചു. കുവൈത്ത് എയർവേസ് ജീവനക്കാർക്കായി പ്രവർത്തന കാര്യക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികളും കരാറിൽ ഉൾപ്പെടുന്നു. രണ്ട് കമ്പനികളുടെയും ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, എയർലൈനിന്റെ ഒയാസിസ് ക്ലബ് കാർഡ് എസ്.ടി.സി ക്ലയന്റുകൾക്ക് ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

