കുവൈത്ത് വിമാനത്താവളം ടെർമിനൽ- 1 പ്രവർത്തനം ഈ മാസം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ- 1 (ടി-1) ഈ മാസത്തോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ. ഇതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന സൗദി സൂപ്പർ കപ്പ് ഫുട്ബാൾ ഫൈനൽ മൽസരത്തിന് മുന്നോടിയായി നവംബറിൽ ടി-1 വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയിൽ നിന്നുള്ള കാണികൾക്ക് എത്തിച്ചേരുന്നതിനായി ടെർമിനൽ- 1 നവീകരണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നാണ് സൂചന.
ഫെബ്രുവരി 28-ന് ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ-1ൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ജൂൺ ഒന്നിന് അറബ്, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കായി വീണ്ടും തുറന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ജൂൺ മൂന്നിന് ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണം വീണ്ടും ടെർമിനലിനെ ലക്ഷ്യമിട്ടു.
ഈ ആക്രമണത്തിൽ ടെർമിനലിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഒരാൾ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അടച്ചിട്ട ടെർമിനൽ- 1 ഇതുവരെ തുറന്നിട്ടില്ല. കുവൈത്ത് എയർവേസ് ടെർമിനൽ നിന്നാണ് നിലവിൽ മറ്റു വിമാനങ്ങൾ സർവിസ് നടത്തുന്നത്.
ഡിസംബറിലാണ് സൗദി സൂപ്പർ കപ്പ് മൽസരങ്ങൾ കുവൈത്തിൽ നടക്കുന്നത്. ഇതിന് മുന്നോടിയായി ടെർമിനൽ-1 തുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. സൗദിയിൽ നിന്നുള്ള ഫുട്ബാൾ പ്രേമികളെ കണക്കിലെടുത്ത് നുവൈസീബ് അതിർത്തി ചെക്ക്പോസ്റ്റിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ഇവിടെ 20 പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ച് സൗകര്യങ്ങൾ വിപുലീകരിക്കും.

