മൂന്നാം റൺവേ, പുതിയ വാച്ച് ടവർ; പ്രവർത്തനശേഷി വർധിപ്പിച്ച് കുവൈത്ത് വിമാനത്താവളം
text_fieldsകുവൈത്ത് വിമാനത്താവളം
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നാമത്തെ റൺവേയും പുതിയ വിമാനത്താവള വാച്ച് ടവറും ഒക്ടോബർ 30 ന് തുറക്കും. 4.58 കിലോമീറ്റർ നീളമുള്ള മൂന്നാമത്തെ റൺവേ, ലോകത്തിലെ ഏറ്റവും നീളം കൂടിയ റൺവേകളിൽ ഒന്നാണെന്നും ഇത് വിമാനത്താവള പ്രവർത്തന ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്ലാനിങ് അഫയേഴ്സ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ സാദ് അൽ ഒതൈബി പറഞ്ഞു.
പുതിയ റൺവേ വ്യോമ സുരക്ഷയും പ്രവർത്തന ശേഷിയും വർധിപ്പിക്കും. ഏറ്റവും പുതിയ നാവിഗേഷൻ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചതാണ് പുതിയ വാച്ച് ടവർ. പ്രതിവർഷം 600,000 ലാൻഡിങ്, ടേക്ക്-ഓഫ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇതുവഴി എയർ ട്രാഫിക് കൺട്രോളിന് കഴിയും. ഇത് വരുമാനത്തിലും വ്യോമ സുരക്ഷയിലും വർധനക്ക് കാരണമാകും. വ്യോമയാന, ലോജിസ്റ്റിക് സേവനങ്ങളിൽ കുവൈത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഇവ. വിമാനത്താവള പ്രവർത്തന ശേഷി വർധിപ്പിക്കുമെന്നും യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും സാദ് അൽ ഒതൈബി വ്യക്തമാക്കി. യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുക, ഭരണപരമായ പദ്ധതികളിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി വരുമാനം വർധിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ജീവനക്കാരെ പരിശീലിപ്പിക്കുക എന്നിവ നാല് സമഗ്ര വികസന തന്ത്രമാണെന്നും അറിയിച്ചു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ പദ്ധതികളിൽ ഒന്നാണ് പുതിയ വിമാനത്താവളമായ ടെർമിനൽ- 2 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എ.ഒ സുരക്ഷ പരിശോധനയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 88 ശതമാനം സ്കോർ നേടി വിജയിച്ചതും അദ്ദേഹം പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

