ഐ.സി.എ.ഒ ഓഡിറ്റിൽ ഉയർന്ന മാർക്ക്; ഏറെ സുരക്ഷിതം കുവൈത്ത് വിമാനത്താവളം
text_fieldsകുവൈത്ത് സിറ്റി: ആഗോള സുരക്ഷ മാനദണ്ഡങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) സുരക്ഷ ഓഡിറ്റിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉയർന്ന മാർക്ക് നേടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ ഉപകരണങ്ങളും വസ്തുക്കളും വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐ.സി.എ.ഒ ഓഡിറ്റ് സംഘം മുഴുവൻ സുരക്ഷ സംവിധാനങ്ങളെയും കുറിച്ച് സമഗ്ര അവലോകനം നടത്തിയതായും ഡി.ജി.സി.എ ഡയറക്ടർ ജനറൽ ശൈഖ് ഹുമൗദ് അൽ മുബാറക് അസ്സബാഹ് പറഞ്ഞു.
നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കവിയുന്ന ഫലമാണ് പരിശോധനയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്. കുവൈത്ത് ഭരണനേതൃത്വത്തിന്റെ പിന്തുണയാണ് വ്യോമയാന സുരക്ഷാനേട്ടം പ്രതിഫലിപ്പിക്കുന്നത്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഏറ്റവും ഉയർന്ന മൂല്യനിർണയ സ്കോർ നേടുന്നതിനും തന്ത്രപരമായ പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഡി.ജി.സി.എ ഡയറക്ടർ ജനറൽ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ നേട്ടത്തിന് സംഭാവന നൽകിയ സർക്കാർ, സുരക്ഷ ഏജൻസികൾ, ദേശീയ കമ്പനികൾ എന്നിവക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

