ദുരിതഭൂമിയിൽ ഭക്ഷണക്കിറ്റുമായി കെ.ആർ.സി.എസ്; ഗസ്സയുടെ വിശപ്പകറ്റി കുവൈത്ത്
text_fieldsകെ.ആർ.സി.എസ് വളന്റിയർമാർ ഭക്ഷണവിതരണത്തിൽ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഭക്ഷണവും വെള്ളവും പാർപ്പിടവും നഷ്ടപ്പെട്ട് പരിക്കും ദുരിതങ്ങളുമായി കഴിയുന്ന ഫലസ്തീനികൾക്ക് സഹായവുമായി കുവൈത്തിന്റെ ആശ്വാസ പ്രവർത്തനങ്ങൾ. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തുടർച്ചയായി 26ാം ദിവസവും കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്കായി സഹായമെത്തിച്ചു. ദിവസവും ആയിരക്കണക്കിന് പേരിലേക്കാണ് കെ.ആർ.സി.എസ് സഹായം എത്തുന്നത്.
യുദ്ധക്കെടുതികൾക്കൊപ്പം പട്ടിണിയിൽ അകപ്പെട്ട കുഞ്ഞുങ്ങൾ അടക്കമുള്ളവർക്ക് ഇത് വലിയ ആശ്വാസമാണ്. കെ.ആർ.സി.എസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫലസ്തീനിയൻ വളന്റിയർ ടീമുകളും സഹായവിതരണത്തിന് കൂടെയുണ്ട്. ചൂടുള്ള ഭക്ഷണം, ബ്രെഡ്, ഈത്തപ്പഴം എന്നിവയാണ് ദിവസവിതരണം. വൈദ്യസഹായം, മെഡിക്കൽ സേവനങ്ങൾക്കുള്ള സാധനങ്ങൾ എന്നിവയും വിതരണം ചെയ്യുന്നു.
ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതും ഇന്ധനം ലഭ്യമാകുന്നതിനുള്ള ബുദ്ധിമുട്ടുകളും കടുത്ത ക്ഷാമവും വൈദ്യുതിമുടക്കവും ആഹാരം പാകംചെയ്യുന്നതിന് ഗസ്സയിൽ പലയിടത്തും പ്രയാസങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ആവശ്യത്തിന് മാവുകൾ ഇല്ലാത്തതും പ്രയാസമാണ്.
ആക്രമണങ്ങളും മറ്റു തടസ്സങ്ങളും കാരണം എല്ലാ ഇടത്തേക്കും കെ.ആർ.സി.എസിന് എത്താനാകുന്നുമില്ല. ഗസ്സയിലേക്ക് അടിയന്തര സഹായമായി ഭക്ഷണവും മരുന്നും എത്തിക്കാൻ കുവൈത്ത് എയർ ബ്രിഡ്ജ് ആരംഭിച്ചിട്ടുണ്ട്. 10 വിമാനങ്ങളിലായി ഗസ്സയിലേക്ക് ഇതുവരെ കുവൈത്ത് 280 ടൺ ഭക്ഷണവും മരുന്നും അയച്ചു. ഇതിനു പുറമെ 10ലേറെ ആംബുലൻസുകളും മണ്ണുമാന്തിയന്ത്രവും കുവൈത്ത് അയച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായാണ് ആംബുലൻസുകൾ അയക്കുന്നത്. തകർന്ന കെട്ടിടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായാണ് മണ്ണുമാന്തിയന്ത്രം.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, റിലീഫ് സൊസൈറ്റി, അൽ സലാം ഹ്യൂമാനിറ്റേറിയൻ വർക്ക്സ് അസോസിയേഷൻ, കുവൈത്ത് ചാരിറ്റബ്ൾ സൊസൈറ്റികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണ സന്നദ്ധ പ്രവർത്തനങ്ങൾക്കുണ്ട്. കുവൈത്ത് നേതൃത്വവും സർക്കാറും വിവിധ മന്ത്രാലയങ്ങളും സഹായങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകുന്നു.
കുവൈത്തിന് നന്ദി അറിയിച്ച് ഹമാസ്
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണങ്ങള്‍ക്കെതിരെ ഫലസ്തീൻ ജനങ്ങള്‍ക്ക് കുവൈത്ത് നല്കുന്ന പിന്തുണക്ക് നന്ദി അറിയിച്ചു ഹമാസ്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി കുവൈത്ത് ജനതയും അമീറും നല്കുന്ന സഹായം പ്രശംസനീയമാണ്.
ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളോടാണ് ഇസ്രായേൽ പ്രതികാരം ചെയ്യുന്നത്. ആക്രമണത്തിനെതിരെ ചരിത്രപരമായ നിലപാടാണ് കുവൈത്ത് സ്വീകരിക്കുന്നത്. സയണിസ്റ്റ് ആക്രമണത്തിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് നടത്തിയ പ്രസ്താവന അഭിനന്ദനാർഹമാണെന്നും ഹമാസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈത്ത് പാര്‍ലമെന്റ് ഫലസ്തീന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

