2035ൽ നേട്ടം കൈവരിക്കും; പ്രതിദിനം നാല് ദശലക്ഷം ബാരൽ ഉൽപാദനം ലക്ഷ്യമിട്ട് കെ.പി.സി
text_fieldsകുവൈത്ത് സിറ്റി: പ്രതിദിനം നാല് ദശലക്ഷം ബാരൽ ഉൽപാദനശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി). 2035 ആകുമ്പോഴേക്കും ഈ നേട്ടം കൈവരിക്കാനാണ് ശ്രമം. പുതിയ വിപണികൾ കണ്ടെത്തൽ, ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളുമായുള്ള കരാറുകൾ നീട്ടൽ എന്നിവയും പദ്ധതിയിലുണ്ട്.
വിദേശത്ത് എണ്ണ സംഭരിക്കുന്നതും കെ.പി.സി തുടരുകയാണ്. ജപ്പാനിലെ കിരി എണ്ണ സംഭരണ ടാങ്കുകളിലെ മൂന്ന് ദശലക്ഷം ബാരലുകൾ ഉൾപ്പെടെ, ഏഷ്യയിൽ ഏഴ് ദശലക്ഷം ബാരലുകൾ വിജയകരമായി സംഭരിച്ചിട്ടുണ്ട്. ഉൽസാനിൽ നാല് ദശലക്ഷം ബാരൽ സംഭരിക്കുന്നതിന് ദക്ഷിണ കൊറിയൻ കമ്പനിയുമായി കരാർ ഒപ്പുവെച്ചു. എണ്ണ വിതരണം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ചൈനീസ് കമ്പനിയുമായും മറ്റൊരു ദക്ഷിണ കൊറിയൻ കമ്പനിയുമായും 10 വർഷത്തേക്ക് രണ്ട് കരാറുകൾ പുതുക്കി. ഉയർന്ന വില ഉറപ്പാക്കുന്നതിനായി കരാറുകളിൽ ഭേദഗതി വരുത്തുകയും എണ്ണ വിപണനം ചെയ്യുന്നതിനായി തായ് എണ്ണക്കമ്പനിയുമായി കരാർ ഒപ്പിടുകയും ചെയ്തു.കഴിഞ്ഞ വർഷം ദുബൈയിൽ കെ.പി.സി സ്ഥാപിച്ച ട്രേഡിങ് കമ്പനി കുവൈത്ത് പെട്രോളിയം ഉൽപന്നങ്ങളുടെയും ഡെറിവേറ്റീവുകളുടെയും വ്യാപാരത്തിനുള്ള പ്രധാന വിഭാഗങ്ങളിലൊന്നായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കെ.പി.സിയുടെ പ്രാദേശിക ശുദ്ധീകരണശാലകളായ സൂർ, മിന അബ്ദുള്ള, അഹ്മദി എന്നിവയുടെയും അന്താരാഷ്ട്ര ശുദ്ധീകരണശാലകളായ ഒമാനിലെ ദുക്മിൻ, വിയറ്റ്നാമിലെ എൻഗി സൺ, ഇറ്റലിയിലെ മിലാസ്സോ എന്നിവയുടെയും ഉൽപാദനം മികവുറ്റതാണ്. ഡീസൽ, ഗ്യാസോലിൻ, ഇന്ധന എണ്ണ, മണ്ണെണ്ണ, ദ്രവീകൃത പെട്രോളിയം വാതകം തുടങ്ങി ഉയർന്ന നിലവാരമുള്ളതും സൾഫർ കുറവുള്ളതുമായ നിരവധി ഉൽപന്നങ്ങളുടെ ഉൽപാദനത്തിന് പേരുകേട്ടതാണ് ഇവ.യൂറോപ്പിൽ ഉയർന്ന നിലവാരമുള്ള ജെറ്റ് ഇന്ധനത്തിന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നാണ് കെ.പി.സി. മറ്റ് രാജ്യങ്ങളിലും ജെറ്റ് ഇന്ധന വിൽപനയിൽ പങ്ക് വിപുലീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

