കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ വിതരണം
text_fieldsകൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ‘ഉയരേ- 2024’ വിദ്യാഭ്യാസ പദ്ധതി
മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘ഉയരേ- 2024’ വിതരണം ചെയ്തു. പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കോഓഡിനേറ്റർ സനു കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സഹായത്തിനു അർഹരായ വിദ്യാർഥികൾക്ക് വേണ്ടി അസോസിയേഷൻ സെക്രട്ടറി വിജിൽ കീഴരിയൂർ മന്ത്രിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ദിലീപ് അരയടത്ത് ഉയരേ പദ്ധതി വിശദീകരിച്ചു.
പ്ലസ്-ടു ഉയർന്ന മാർക്കോടെ പാസായി ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കാൻ നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് ഉയരേ. മുമ്പ് വിദ്യാഭ്യാസ ഹസ്തം എന്ന പേരിൽ അസോസിയേഷൻ നടപ്പിൽ വരുത്തിയ പദ്ധതിയാണ് ഈ വർഷം മുതൽ ഉയരേ എന്ന പേരിൽ വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രൊഫഷനൽ കോഴ്സുകൾ പഠിക്കുന്ന അർഹരായ പതിനഞ്ച് കുട്ടികളെയാണ് സഹായത്തിനായി തെരഞ്ഞെടുത്തത്. കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ സോഷ്യൽ മീഡിയ കൺവീനർ ജഗത് ജ്യോതി സ്വാഗതവും സിതാരാ ജഗത് നന്ദിയും പറഞ്ഞു.

