കുവൈത്തിൽ ഒരുമാസത്തെ പൊതുമാപ്പ് ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമലംഘകർക്ക് ഏർപ്പെടുത്തിയ പൊതുമാപ്പ് കാലാവധി ബുധനാഴ്ച ആരംഭിക്കും. ഏപ്രിൽ 30 വരെയാണ് അനധികൃതമായി താമസിച്ചതിെൻറ പിഴയിൽനിന്ന് പൂർണമായി ഒഴിവായി തിരിച്ചുപോവാൻ കഴിയുക. താമസ നിയമലംഘകരായ ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെ തീയതികളിലാണ് തിരിച്ചുപോക്കിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. നടപടികൾ പൂർത്തിയാക്കിയതു മുതൽ യാത്രാദിവസം വരെ താമസിപ്പിക്കാൻ അധികൃതർ സംവിധാനം ഒരുക്കുന്നുണ്ട്. യാത്രാവിമാനങ്ങൾ സർവിസ് നിർത്തിവെച്ചതിനാൽ ഇതിന് ദിവസമെടുക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്.
ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ഫിലിപ്പീൻസുകാർ, ഏപ്രിൽ ആറു മുതൽ 10 വരെ ഇൗജിപ്തുകാർ, 11 മുതൽ 15 വരെ ഇന്ത്യക്കാർ, 16 മുതൽ 20 വരെ ബംഗ്ലാദേശികൾ, 21 മുതൽ 25 വരെ ശ്രീലങ്കക്കാർ, 26 മുതൽ 30 വരെ മറ്റു രാജ്യക്കാർ എന്നരീതിയിലാണ് നടപടിക്രമങ്ങൾക്ക് തീയതി നിശ്ചയിച്ചത്.
വിവിധ രാജ്യങ്ങളുടെ എംബസികൾക്കും താൽക്കാലിക ഒാഫിസിനുകൂടി സ്കൂളിൽ സ്ഥലമൊരുക്കി മുഴുവൻ നടപടികളും ഏകജാലക സംവിധാനം ആക്കാനാണ് നീക്കം. അതുകൊണ്ടുതന്നെ ഒൗട്ട്പാസിനും മറ്റുമായി എംബസിയിൽ പോകേണ്ട. യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്മിനിസ്ട്രേഷനെ സമീപിച്ച് കേസിൽ പുനഃപരിശോധന ആവശ്യപ്പെട്ട് പരിഹാരം കണ്ടതിന് ശേഷമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവൂ.