കൊയിലാണ്ടിക്കൂട്ടം ആയിഷ ചികിത്സ സഹായധനം കൈമാറി
text_fieldsകൊയിലാണ്ടിക്കൂട്ടം ആയിഷ ചികിത്സ സഹായ നിധി കുവൈത്ത് ചാപ്റ്റർ ചാരിറ്റി കൺവീനർ പി.കെ. ഷാജഹാൻ, അനുഷാദ് തിക്കോടിക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: കരൾ മാറ്റിവെക്കലിന് വിധേയയാകുന്ന ചേമഞ്ചേരി സ്വദേശി മുഹമ്മദ് ഷാഫിയുടെ ആറു വയസ്സുകാരിയായ മകൾ ആയിഷക്ക് കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. സാൽമിയയിൽ നടന്ന ലളിതമായ ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ ചാരിറ്റി വിങ് കൺവീനർ പി.കെ. ഷാജഹാൻ ആയിഷയുടെ ബന്ധു അനുഷാദ് തിക്കോടിക്ക് തുക കൈമാറി.
കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഷാഹുൽ ബേപ്പൂർ, പ്രസിഡൻറ് മൻസൂർ മുണ്ടോത്ത്, ട്രഷറർ അക്ബർ ഊരള്ളൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സാദിഖ് തൈവളപ്പിൽ, അസ്ലം അലവി, ആയിഷയുടെ കുടുംബാംഗം ശാക്കിർ എന്നിവർ സന്നിഹിതരായിരുന്നു. തുക സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു. ചെന്നൈ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ആയിഷയുടെ ശസ്ത്രക്രിയ അടുത്ത ദിവസം നടക്കുമെന്നും ഏവരുടെയും പ്രാർഥനകൾ ഉണ്ടാകണമെന്നും തുക ഏറ്റുവാങ്ങി അനുഷാദ് തിക്കോടി പറഞ്ഞു.

