കെ.എം.സി.സി അഞ്ച് വീടുകളുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
text_fieldsകുവൈത്ത് സിറ്റി : കെ.എം.സി.സി അംഗങ്ങൾക്ക് വേണ്ടി സംസ്ഥാന ശിഹാബ് തങ്ങൾ റിലീഫ് വിങ്ങിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നന്മഭവന പദ്ധതി’യിലെ ആദ്യ അഞ്ച് വീടുകളുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച പാണക്കാട് സാദിഖലി തങ്ങൾ നിർവഹിക്കും.
വൈകീട്ട് നാലിന് കോഴിക്കോട് ലീഗ് ഹൗസിൽ നടക്കുന്ന പരിപാടിയിൽ മുസ് ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നിർവഹിക്കും. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയ നേതാക്കളും പരിപാടിയിൽ സംബന്ധിക്കുമെന്ന് കെ.എം.സി.സി അറിയിച്ചു.
സ്വന്തമായി വീടില്ലാത്ത കുവൈത്ത് കെ.എം.സി.സി അംഗങ്ങളിൽനിന്ന് അഞ്ച് പേർക്കാണ് ആദ്യ ഘട്ടത്തിൽ വീട് നൽകുന്നത്. പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ശിഹാബ് തങ്ങൾ റിലീഫ് വിങ് ചെയർമാൻ ഡോ. മുഹമ്മദലി, വൈസ് പ്രസിഡന്റ് എം.ആർ നാസർ എന്നിവർ പങ്കെടുക്കും.

