മുസ്ലിം ലീഗ് പുനരധിവാസ പാക്കേജിൽ കെ.എം.സി.സി പങ്കാളിയാകും
text_fieldsകെ.എം.സി.സി പ്രവർത്തകർ ഫണ്ട് സമാഹരണത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വയനാടിനുവേണ്ടിയുള്ള ഫണ്ട് കലക്ഷൻ ആരംഭിച്ചു. ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, കുവൈത്ത് സിറ്റി, സാൽമിയ, മെഹബൂല തുടങ്ങി കുവൈത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പൊതു പിരിവും മണ്ഡലം കമ്മിറ്റികളിലൂടെ അംഗങ്ങളിൽനിന്ന് നേരിട്ടുമാണ് വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നത്.
അടിയന്തര സഹായമായി ആദ്യ ഘട്ടം പത്തു ലക്ഷം രൂപ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി വയനാട് പുനരധിവാസ പാക്കേജ് നടപ്പിൽ വരുത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ നേതൃത്വവുമായി ആലോചിച്ച് മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ദിവസം വയനാട്ടിൽ ചേർന്ന പാർട്ടി കൂടിയാലോചന യോഗത്തിൽ കെ.എം.സി.സി കുവൈത്ത് വൈസ് പ്രസിഡന്റ് എം.ആർ. നാസർ പങ്കെടുത്തു. ദുരിതത്തിലകപ്പെട്ട കുവൈത്ത് കെ.എം.സി.സി അംഗങ്ങളുടെ വിവരങ്ങളും സ്റ്റേറ്റ് കമ്മിറ്റി ശേഖരിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി മുസ്തഫ കാരിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ അടങ്ങുന്ന സംഘം അടുത്ത ദിവസം ദുരിത മേഖല സന്ദർശിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

