കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി; ഒന്നേകാൽ കോടി വിതരണം ചെയ്തു
text_fieldsകെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 24 പേരുടെ കുടുംബങ്ങൾക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സഹപ്രവർത്തകർക്കും സോഷ്യൽ സെക്യൂരിറ്റി, വെൽഫെയർ സ്കീം വിതരണം ചെയ്തു.
മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്തതാണ് കെ.എം.സി.സി.യുടെ പ്രവർത്തനങ്ങളെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളോടുള്ള സാമാന്യമര്യാദ പോലും പ്രകടിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇനിയും തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം നൽകി. 24 പേരുടെ കുടുംബത്തിനുള്ള ഒന്നേകാൽ കോടിയോളം രൂപയാണ് ഹൈദരലി തങ്ങൾക്ക് കൈമാറി ആശ്രിതർക്ക് നൽകിയത്.
കോവിഡ് മൂലം മരണസംഖ്യ കൂടിയതിനാലും തൊഴിൽ പ്രതിസന്ധി കാരണത്താലും അംഗങ്ങളെക്കൂടാതെ സംഘടനയുടെ അഭ്യുദയകാംക്ഷികൾ, വ്യാപാര പ്രമുഖർ തുടങ്ങി വിവിധ രംഗത്തുള്ളവരുടെയും സ ഹായ ഹസ്തം സ്വീകരിച്ചു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വെൽഫെയർ സ്കീം പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള ആനുകൂല്യ വിതരണം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് കെ.എം.സി.സി അംഗങ്ങൾക്കുള്ള ഉപഹാര വിതരണവും മെസ്റ്റ് ആംബുലൻസ് യൂനിഫോം പ്രകാശനവും കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ കുവൈത്ത് കെ.എം.സി.സി മുൻ ഉപദേശക സമിതിയംഗം ഖാലിദ് അലക്കാട്ടിനെ ആദരിച്ചു. കുവൈത്ത് കെ.എം.സി.സി സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും മലപ്പുറം ജില്ല കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി ഫഹദ് പൂങ്ങാടൻ നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം ഇരു പദ്ധതികളും വിശദീകരിച്ചു.
മുസ്ലിംലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, മറ്റു നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

