വിനയം പദവി ഉയർത്തുന്നു
text_fieldsഹൃദയത്തിൽ എളിമ നിറക്കുകയും പെരുമാറ്റത്തിൽ പക്വത വരുത്തുകയും സമൂഹത്തിൽ പദവി ഉയർത്തുകയും ചെയ്യുന്ന ഒരു ഗുണമാണ് വിനയം. അറിവ്, സമ്പത്ത്, കായബലം, സ്ഥാനമാനങ്ങൾ തുടങ്ങിയവ കൊണ്ട് മാത്രം ഒരാൾക്ക് ഉന്നതി ലഭിക്കുകയില്ല. വിനയവും അതുപോലെയുള്ള ഗുണങ്ങളും കൈമുതലാക്കിയവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നു.
വ്യക്തിപരമായ ഗുണങ്ങളിൽ വളരെ ഉയർന്ന നിലവാരത്തിലുള്ള ഒന്നാണ് വിനയം. അറിവും സമ്പത്തും പദവികളും ചിലരെ അഹങ്കാരികളാക്കുന്നു. അനുഗ്രഹങ്ങളെ വിലമതിക്കാൻ സാധിക്കാത്തവരാണ് അവർ. എന്നാൽ വിനയമുള്ളവൻ അറിവും പദവികളും വർധിക്കുമ്പോൾ അനുഗ്രഹ ദാദാവിനെ നന്ദിയോടെ സ്മരിക്കുകയും സഹജീവികൾക്ക് ഉപകാരം ചെയ്യുകയും ചെയ്യുന്നു.
‘വിനയം കാണിക്കുന്നവന്റെ പദവി അല്ലാഹു ഉയർത്തും’ എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. വിനയം ദൗർബല്യമല്ല; തന്റെ അറിവിലും കഴിവിലും ആത്മവിശ്വാസമുള്ളവന്റെ അലങ്കാരമാണത്. പരിശുദ്ധ ഖുർആനിൽ നല്ലവരായ ദൈവ ദാസന്മാരുടെ ഗുണവിശേഷണങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ ‘അവർ ഭൂമിയിൽ വിനയത്തോടുകൂടി നടക്കുന്നവരാണ്’ എന്ന് പരാമർശിച്ചിട്ടുണ്ട്.
നടപ്പിലും വാക്കിലും പെരുമാറ്റത്തിലും കൃത്രിമമായി വിനയം പ്രകടമാക്കുന്നവരുണ്ട്. അത് ചിലപ്പോൾ അങ്ങേയറ്റം പരിഹാസ്യമായി മാറുന്നു. ഉള്ളിൽ അഹങ്കാരമില്ലാതിരിക്കുക എന്നതാണ് വിനയത്തിന്റെ ഒന്നാമത്തെ അടിസ്ഥാനം, പ്രകടനപരതയല്ല. അഹങ്കാരിയായ മനുഷ്യൻ സത്യം അംഗീകരിക്കാൻ വിസമ്മതിക്കുന്നു. മറ്റുള്ളവരെ വിലകുറച്ച് കാണുന്നു. ഇത് അവനെ അല്ലാഹുവിൽ നിന്നും ജനങ്ങൾ നിന്നും അകറ്റുന്നു.
വിശ്വാസി ആത്മനിയന്ത്രണം പരിശീലിക്കുന്ന മാസമാണ് റമദാൻ. ഉള്ളിൽ കുടികൊള്ളുന്ന അഹങ്കാരത്തെ പിഴുതെറിഞ്ഞ് അവിടെ വിനയത്തെ കുടിയിരുത്താൻ സാധിക്കണം. അത് ഹൃദയത്തെ ശുദ്ധീകരിക്കുന്നു, ബന്ധങ്ങളെ ശക്തമാക്കുന്നു, വ്യക്തിയെ ഉന്നത ഗുണങ്ങളുള്ളവനാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

